മാസത്തില്‍ മൂന്ന് ദിവസം സൗജന്യം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സുരക്ഷിത അഭയം; ‘എന്റെ കൂട്’ ഇനി എറണാകുളം ജില്ലയിലും
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സുരക്ഷിത അഭയം ഉറപ്പാക്കുന്ന ‘എന്റെ കൂട്’ ഇനി എറണാകുളം ജില്ലയിലും പ്രവര്‍ത്തിക്കും. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കാക്കനാട് ഐ എം ജിയ്ക്ക് സമീപം നിര്‍മിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എന്റെ കൂട് പ്രവര്‍ത്തിക്കുക. നിലവില്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ എന്റെ കൂട് പ്രവര്‍ത്തിക്കുന്നുണ്ട്. 2015 ല്‍ കോഴിക്കോട് കസബ സ്റ്റേഷന് സമീപവും 2018 ല്‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ കെട്ടിടത്തിലുമാണ് എന്റെ കൂട് കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
- Advertisement -
പലവിധ ആവശ്യങ്ങള്‍ക്കായി മറ്റിടങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയില്‍ സുരക്ഷിത താമസമുറപ്പാക്കാനാണ് ഈ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്താണ് എറണാകുളത്തും പദ്ധതി ആരംഭിക്കുന്നത്. പരീക്ഷ, അഭിമുഖം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകളാണ് ഈ ഇടങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഏറെയും.
വൈകിട്ട് 6.30 മുതല്‍ രാവിലെ 7.30 വരെയാണ് വിശ്രമിക്കാനാവുക. മാസത്തില്‍ പരമാവധി 3 ദിവസത്തേയ്ക്ക് മാത്രമാണ് സൗജന്യ പ്രവേശനം. അടിയന്തിര സാഹചര്യങ്ങളില്‍ 3 ദിവസങ്ങളില്‍ കൂടുതല്‍ താമസിക്കേണ്ടിവന്നാല്‍ അധികമായി വേണ്ടി വരുന്ന ഓരോ ദിവസത്തിനും 150 രൂപ നല്‍കണം. സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് പ്രവേശനം. അശരണരായ വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് മാത്രമായി പ്രവേശനം അനുവദിക്കില്ല. കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയാണ് പ്രവേശനം നേടേണ്ടത്.
പുലര്‍ച്ചെ മൂന്ന് മണി വരെ എത്തുന്നവര്‍ക്ക് പ്രവേശനം അനുവദിക്കും. പ്രവേശന സമയത്ത് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ കൈവശമുണ്ടായിരിക്കണം. രാത്രി 8 മണി വരെ പ്രവേശനം നേടുന്നവര്‍ക്ക് സൗജന്യ രാത്രി ഭക്ഷണം ലഭിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം, ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികള്‍ directorate.wcd@kerala.gov.in, 04712346508 എന്നിവയില്‍ അറിയിക്കാം.
- Advertisement -