Ultimate magazine theme for WordPress.

യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

0

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. വിഷയത്തിൽ 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു നിര്‍ദേശം നല്‍കിയത്.

ആരാണ് വീഴ്ചയ്ക്കു കാരണം, ഉണ്ടെങ്കിൽ ഉത്തരവാദി ആരാണ്, എന്താണ് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടാണ് നൽകേണ്ടത്. ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോടു വച്ച് ചേരുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -

പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. ഇതിനു ശേഷം ഹർഷിനയ്ക്ക് അവശതയും വേദനയും ഉണ്ടായി. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.

തുടർന്നു സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. 17ന് കത്രിക പുറത്തെടുക്കുകയും ചെയ്തു. 12 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.