തെരഞ്ഞെടുപ്പ് ചൂടില്‍ ഗുജറാത്ത്; മോദി ഇന്ന് മൂന്നിടത്ത്, രാഹുല്‍ രണ്ടിടത്ത്; റോഡ് ഷോയുമായി കെജരിവാള്‍
അഹമ്മദാബാദ്: തെരഞ്ഞടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണരംഗം ചൂട് പിടിപ്പിക്കാന്‍ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ഗുജറാത്തില്‍. നിയമസഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് പൊതുറാലികളെ അഭിസംബോധന ചെയ്യും. ശനിയാഴ്ച പ്രചാരണത്തിനായി എത്തിയ മോദി തിങ്കളാഴ്ച സുരേന്ദ്രനഹര്‍ ജില്ലയിലെ ധ്രംഗധ്ര, ബറൂച്ച് ജില്ലയിലെ ജംബുസാര്‍ നവസാരി എന്നിവിടങ്ങളിലെ പൊതുപരിപാടികളില്‍ പങ്കെടുക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
27 വര്‍ഷത്തെ ബിജെപി തുടര്‍ഭരണത്തില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ രാഹുല്‍ ഗാന്ധി ഇന്ന് രണ്ടിടത്ത് പൊതുറാലിയില്‍ സംബന്ധിക്കും. സൂറത്ത് ജില്ലയിലെ മഹുവയിലും രാജ്‌കോട്ട് നഗരത്തിലുമാണ് രാഹുലിന്റെ പരിപാടികള്‍.
- Advertisement -
ഇത്തവണ അതിശയിപ്പിക്കുന്ന വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് മുതിര്‍ന്ന നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. മോര്‍ബി അപകടം ഹൈക്കോടതിയിലെ സിറ്റിങ്ങ് ജഡ്ജി അല്ലെങ്കില്‍ വിരമിച്ച ജഡ്ജിയെ കൊണ്ട് അന്വേഷിക്കണമെന്ന് കോണ്‍്ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. നിരവധി പേരാണ് സംസ്ഥാനത്ത് വ്യാജമദ്യം കുടിച്ച് മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഗിമ്മിക്കുകള്‍ ഒന്നും ഇനി നടക്കില്ലെന്നും ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പഞ്ചാബിലും അധികാരമേറ്റതിന് പിന്നാലെ ഗുജറാത്തിലും ഇതിനകം ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ മുന്നേറാനും ആം ആദ്മിക്കായി. ഇന്ന് എഎപി ജനറല്‍ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ അമ്രേലിയിലെ റോഡ് ഷോയില്‍ പങ്കെടുക്കും.
രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം ഡിസംബര്‍ എട്ടിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
- Advertisement -