Ultimate magazine theme for WordPress.

അശ്വമേധം കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം: മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍

0

തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 18ന് രാവിലെ 11 മണിക്ക് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകയും പ്രവര്‍ത്തകനും അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ പരിശോധിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമൂഹത്തില്‍ ഇപ്പോഴും കുഷ്ഠരോഗമുണ്ട്. കേരളത്തില്‍ പതിനായിരത്തില്‍ 0.13 എന്ന നിരക്കില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. 6 മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണെന്നും മന്ത്രി വ്യക്തമാക്കി.

- Advertisement -

കുഷ്ഠരോഗം

വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠ രോഗം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ചികിത്സയിലിരിക്കുന്ന രോഗിയില്‍ നിന്നും രോഗാണുക്കള്‍ വായുവിലൂടെ പകരില്ല.

രോഗ ലക്ഷണങ്ങള്‍

തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ സ്പര്‍ശനശേഷി കുറവോ, ഇല്ലാതിരിക്കുകയോ ചെയ്യുക എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാണ്. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആകാം.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ സമയം എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

- Advertisement -

Leave A Reply

Your email address will not be published.