Ultimate magazine theme for WordPress.

വിക്രാന്തിൽ പറന്നിറങ്ങി തേജസ്, മി​ഗ് 29കെ; ചരിത്രമെഴുതി നാവികസേന

0

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിൽ യുദ്ധ വിമാനം നടാടെ പറന്നിറങ്ങി. തേജസും മി​ഗ് 29കെയുമാണ് കപ്പലിൽ പറന്നിറങ്ങി ചരിത്രം കുറിച്ചത്. കപ്പലില്‍ യുദ്ധ വിമാനങ്ങള്‍ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് രണ്ട് വിമാനങ്ങളും ഇറക്കിയത്.

ഇന്ത്യന്‍ നിര്‍മിത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) ആണ് തേജസ്. റഷ്യന്‍ നിര്‍മിത യുദ്ധവിമാനമാണ് മിഗ്-29കെ.

- Advertisement -

ഐഎന്‍എസ് വിക്രാന്തില്‍ ആദ്യമായി ഇന്ത്യന്‍ പൈലറ്റുമാര്‍ യുദ്ധ വിമാനങ്ങള്‍ ഇറക്കുമ്പോള്‍, ഇന്ത്യന്‍ നാവികസേന ആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയൊരു നാഴികക്കല്ല് പിന്നിടുകയാണെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. വിമാന വാഹിനിക്കപ്പലും യുദ്ധ വിമാനവും തദ്ദേശീയമായി രൂപകല്‍പന ചെയ്യാനും വികസിപ്പിക്കാനും നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശേഷിയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും നാവികസേന വ്യക്തമാക്കി.

തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലായ ഐഎൻഎസ് വിക്രാന്ത് 2022 സെപ്തംബറിലാണ് കമ്മീഷന്‍ ചെയ്തത്. നാവികസേനയുടെ ആഭ്യന്തര വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡിഎന്‍ഡി) ആണ് കപ്പല്‍ രൂപകല്‍പന ചെയ്തത്. 2,300-ലധികം കംപാര്‍ട്മെന്റുകള്‍ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാനാകും.

262 മീറ്റര്‍ നീളവും 62 മീറ്റര്‍ വിസ്താരവും വിക്രാന്തിനുള്ളത്. രണ്ട് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമാണ് കപ്പലിന്. 20 യുദ്ധ വിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം മുപ്പതോളം വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ട്. 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വിക്രാന്തിന് സഞ്ചരിക്കാനാകും. 18 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ 7,500 മൈല്‍ ദൂരവും കപ്പൽ സഞ്ചരിക്കും.

- Advertisement -

Leave A Reply

Your email address will not be published.