Ultimate magazine theme for WordPress.

കാട്ടുതീ- പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വനം വകുപ്പ്

0

സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് ഊര്‍ജിതമാക്കിയതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍, റേയ്ഞ്ച്, ഡിവിഷന്‍, സര്‍ക്കിള്‍ തലങ്ങളില്‍ ഫയര്‍ മാനേജ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണ്. സര്‍ക്കിള്‍ തല ഫയര്‍ മാനേജ്‌മെന്റ് പ്ലാനുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ കാട്ടുതീ പ്രതിരോധിക്കാനായി സ്‌റ്റേറ്റ് ഫയര്‍ മാനേജ്‌മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ ഉണ്ടായാല്‍ വിവിധ തലങ്ങളില്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സ്‌റ്റേറ്റ് ആക്ഷന്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

കാട്ടുതീ സാധ്യത കൂടിയ പ്രദേശങ്ങള്‍ കണ്ടെത്തി ഇതിനോടകം കണ്‍ട്രോള്‍ ബര്‍ണിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഫയര്‍ ഗ്യാങ്ങുകള്‍, ഫയര്‍ വാച്ചര്‍മാര്‍, വി.എസ്.എസ് / ഇ.ഡി.സി അംഗങ്ങള്‍, ഫയര്‍ വാച്ചര്‍മാര്‍ എന്നിവയില്‍ 3000-ത്തില്‍ പരം പേരെ കാട്ടുതീ നിരീക്ഷണ/ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

- Advertisement -

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകദേശം 1120 കി.മീ ദൂരത്തില്‍ ഫയര്‍ ലൈനുകളും 2080 കി.മീ നീളത്തില്‍ ഫയര്‍ ബ്രേക്കുകളും തെളിക്കുകയും 6100 ഹെക്ടര്‍ വന പ്രദേശത്ത് കണ്‍ട്രോള്‍ ബര്‍ണിങ് നടത്തുകയും ചെയ്തു.

കാട്ടുതീ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുന്നതിന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ വനം വകുപ്പ് ജീവനക്കാരെയും താല്‍ക്കാലിക വാച്ചര്‍മാരെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 5647 പേരെയാണ് ഇത്തരത്തില്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ യഥാസമയം അറിയിക്കുന്നതിനായി സര്‍ക്കിള്‍, ഡിവിഷന്‍, റെയ്ഞ്ച്, സ്റ്റേഷന്‍ തലത്തില്‍ ഫയര്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാട്ടുതീ ഉണ്ടായാലുള്ള ഫീല്‍ഡ് ഇന്‍സിഡന്റ് റെസ്‌പോന്‍സ് സിസ്റ്റം എന്നിവ നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ആസ്ഥാനത്ത് മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ സര്‍ക്കിള്‍തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരുടെ കീഴില്‍ വരുന്ന അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാരെ സര്‍ക്കില്‍തല നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്.

ഫോറസ്റ്റ് വിജിലന്‍സ് വിംഗിന്റെ മേല്‍നോട്ടത്തില്‍ വനം വകുപ്പ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങള്‍ക്ക് കാട്ടുതീ കണ്ടാല്‍ അറിയിക്കാനായി ഒരു ടോള്‍ ഫ്രീ നമ്പര്‍(1800 425 4733) ക്രമീകരിച്ചിട്ടുണ്ട്. വനം വകുപ്പ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ കോളുകള്‍ സ്വീകരിക്കുന്നതിനും മുന്നറിയിപ്പ് നല്‍കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ലാന്‍ഡ് ലൈന്‍ നമ്പറും (0471-2529247) ക്രമീകരിച്ചു. ഫീല്‍ഡ് തല കണ്‍ട്രോള്‍ റൂമുകളിലും ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വനം വകുപ്പ് ആസ്ഥാനത്തെ ഫയര്‍ മോണിറ്ററിംഗ് സെല്ലില്‍ സര്‍ക്കിള്‍ ലെവല്‍ ഫയര്‍ കണ്‍ട്രോള്‍ റൂമുകളുമായി നിരന്തരം ബന്ധപ്പെട്ട് ഓരോ തീപിടിത്തവും സൂക്ഷ്മമായി നിരീക്ഷിക്കുവാനും നോഡല്‍ ഓഫീസര്‍മാര്‍ക്ക് കാലതാമസം കൂടാതെ ഫയര്‍ അലര്‍ട്ടുകള്‍ അയയ്ക്കാനും ഫീല്‍ഡ് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ വനം ഡിവിഷനിലും കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്ന വനപാലകര്‍ക്ക് ആവശ്യമായ പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ കാട്ടൂതി സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ആവശ്യമായ ഇടങ്ങളില്‍ കാട്ടുതീ സംബന്ധിച്ച സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂ, പോലീസ്, കൃഷി, ഗതാഗത വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ച് മാധ്യമങ്ങള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരെയും കാട്ടുതീ അലേര്‍ട്ടുകള്‍ നല്‍കുന്നതിനും വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സജീവ പങ്കാളികളാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അഗ്നി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ യഥാസമയം നല്‍കുകയും മിക്ക സ്ഥങ്ങളിലും കാട്ടുതീ സംബന്ധിച്ച വിവരങ്ങളും മുന്നറിയിപ്പുകളും കൈമാറുന്നതിനും വയര്‍ലെസ് സംവിധാനവും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.

വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനായി നീരുറവകള്‍ വറ്റിപ്പോകാതെ വെള്ളം സംഭരിച്ചു നിര്‍ത്തുവാനും കുളങ്ങളുടെയും വയലുകളുടെയും സംരക്ഷണം, ചെക്ക് ഡാമുകളുടെ നിര്‍മ്മാണം, നീര്‍ചാലുകളുടെ നിര്‍മ്മാണം, ബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ നിര്‍മ്മാണം മുതലായ മണ്ണ് , ഈര്‍പ്പ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

കൂപ്പു റോഡുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്.

കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും, കാട്ടുതീ ഉണ്ടായാല്‍ സ്വീകരിക്കേണ്ടുന്ന മാര്‍ഗങ്ങളെക്കുറിച്ചും, സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റിയുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്

- Advertisement -

Leave A Reply

Your email address will not be published.