തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ചയ്ക്ക് മുതൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു. പൊങ്കാലയിടാൻ വരുന്നവരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തോ ദേശീയ പാത പരിസരത്തോ പാർക്ക് ചെയ്യരുതെന്ന് സിറ്റി പോലീസ്
കമ്മീഷണർ നിര്‍ദ്ദേശിച്ചു.അതേസമയം, മറ്റന്നാളത്തെ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 300 സേനാ അംഗങ്ങളേയാണ് അഗ്നിരക്ഷാ വകുപ്പ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുന്നത്. പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യവകുപ്പ് ഒരുക്കും. നാല് പ്രത്യേക ട്രെയിനുകളുമായാണ് റെയിൽവേയുടെ സജ്ജീകരണം.ചുട്ടുപൊള്ളുന്ന വേനലിൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്നിരക്ഷാ സേന ഒരുക്കുന്നത്. ആറ്റുകാൽ ദേവീക്ഷേത്രം, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ച് പ്രവര്‍ത്തനം. വനിതകൾ ഉൾപ്പെടെ 130 സിവിൽ ഡിഫൻസ് വൊളണ്ടിയര്‍മാര്‍ ഉൾപ്പെടെ അണിനിരക്കും. പൊങ്കാല സമയത്ത് പ്രദേശങ്ങളിലെ പെട്രോൾ പമ്പ്, ഗ്യാസ് ഗോഡൗൺ എന്നിവയുടെ പ്രവർത്തനം നിർത്തിവക്കണമെന്നാണ് നിർദേശം.ട്രാൻസ്ഫോര്‍മറുകൾക്ക് സമീപം പൊങ്കാലയിടുമ്പോൾ വേണ്ടത്ര അകലം പാലിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യര്‍ത്ഥന. പൊങ്കാല ദിവസത്തിൽ 35 ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തുക. ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, എന്നിവരുടെ സംഘമുണ്ടാകും. എറണാകുളത്ത് നിന്നും നാഗര്‍കോവിലിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ സര്‍വ്വീസ് നടത്തും. 12 ട്രെയിനുകൾക്ക് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക സ്റ്റോപ്പും പൊങ്കാലദിനം അനുവദിച്ചു. നാല് ട്രെയിനുകൾക്കായി 14 അധിക കോച്ചും ദക്ഷിണ റെയിൽവേ ഒരുക്കിയിട്ടുണ്ട്
- Advertisement -