കൊച്ചി: കുട്ടികളുടെയും ഗർഭിണികളുടെയും രോഗപ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും. സെപ്റ്റംബർ 16 വരെ രണ്ടാംഘട്ടം തുടരുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് വാക്സിനേഷൻ. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാണ്.
ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിനെടുക്കാത്ത ഗർഭിണികളും രണ്ട് മുതൽ അഞ്ച് വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം കുത്തിവെപ്പിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ബിസിജി, ഒപിവി, ഐപിവി, റോട്ടാ വാക്സിൻ, എംആർ ഡിപിടി, ടിഡി, പിസിവി, പെന്റാവാലന്റ് എന്നീ വാക്സിനുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകുന്നത്.
- Advertisement -
മൂന്നുഘട്ടങ്ങളായി നടക്കുന്ന മിഷൻ ഇന്ദ്രധനുഷിന്റെ മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പതുമുതൽ 14 വരെ നടക്കും.
- Advertisement -