Ultimate magazine theme for WordPress.

150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ NABH നിലവാരത്തിലേക്ക്

0

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആദ്യഘട്ടമായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം സര്‍ക്കാര്‍ മേഖലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണസജ്ജമാക്കി ഒരുമിച്ച് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷന് അപേക്ഷിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ എന്‍.എ.ബി.എച്ച്. കേന്ദ്ര സംഘത്തിന്റെ അന്തിമ വിലയിരുത്തല്‍ നടന്നുവരികയാണ്. എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നതോടെ ആയുഷ് ആതുരസേവന രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ സാധിക്കും. മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യ ടൂറിസം രംഗത്തിനും ഇത് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമാകുന്നത്. നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

- Advertisement -

ആയുഷ് രംഗത്തെ പുരോഗതിയ്ക്കായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് നടത്തിയത്. ആയുര്‍വേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിന് പുതുതായി 116 തസ്തികകള്‍ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പില്‍ പുതുതായി 40 മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. ആയുഷ് മേഖലയില്‍ ഇ ഹോസ്പിറ്റല്‍ സംവിധാനം നടപ്പിലാക്കി. 510 ആയുഷ് ഡിസ്‌പെന്‍സറികളെ കൂടി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തി. ഇതോടെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ആകെ 600 ആയി. അട്ടപ്പാടി, കൊട്ടാരക്കര, അടൂര്‍ എന്നിവിടങ്ങളില്‍ ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രികള്‍ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി മുഖേന 114 കോടി രൂപ അനുവദിച്ചു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 6 സ്ഥാപനങ്ങള്‍ കാഷ് നിലവാരത്തിലേക്ക് ഉയര്‍ത്തി. ഇതുകൂടാതെയാണ് 150 ആയുഷ് സ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.

- Advertisement -

Leave A Reply

Your email address will not be published.