Ultimate magazine theme for WordPress.

ഗാസ കത്തുന്നു; തിരിച്ചടിയില്‍ 200 മരണം, ഇസ്രയേല്‍ നഗരത്തില്‍ പോരാട്ടം രൂക്ഷം

0

മാസ് ആക്രമണത്തിന് പിന്നാലെ, ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 200 പേര്‍ കൊല്ലപ്പെട്ടു. 1,600പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 17 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തി. ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘സ്വാര്‍ഡ് ഓഫ് അയണ്‍’ എന്നാണ് ഇസ്രയേല്‍ സൈന്യം ഗാസ ആക്രമണത്തിന് പേരിട്ടിരിക്കുന്നത്.

അതേമയം, ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലില്‍ ഹമാസ് ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40ആയി.
561പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ നാഷണല്‍ റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു. ദക്ഷിണ ഇസ്രയേലിലെ ഒഫാകിം നഗരത്തില്‍ ഇസ്രയേല്‍ സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. നൂറോളം ഇസ്രയേല്‍ സൈനികരെ ഇവിടെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. തെരുവുകളില്‍ ഹമാസ് അംഗങ്ങള്‍ റോന്തു ചുറ്റുന്നതിന്റെയും വെടിവെപ്പ് നടത്തുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

- Advertisement -

അതേസമയം, ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും രംഗത്തെത്തി. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഹുസൈനി ഖമെനെയിയുടെ ഉപദേശകന്‍ യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനിന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതുവരെ പലസ്തീന്‍ പോരാളികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് ഇറാന്റെ നിലപാട്.

‘പലസ്താന്‍ പോരാളികളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. പലസ്തീനിന്റെയും ജറുസലേമിന്റെയും വിമോചനം വരെ ഞങ്ങള്‍ പലസ്തീന്‍ പോരാളികള്‍ക്കൊപ്പം നിലകൊള്ളും.’യഹ്യ റഹീം സഫാവി പറഞ്ഞു.

പലസ്തീനെതിരായ സംഘര്‍ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേല്‍ മാത്രമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരു വിഭാഗങ്ങളും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഖത്തര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈ അക്രമ സംഭവങ്ങളുടെ മറവില്‍ ഗാസയിലെ പലസ്തീന്‍കാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍നിന്ന് ഇസ്രയേലിനെ തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്‍നിന്ന് ഹമാസ് പിന്‍വാങ്ങമെന്ന് അഭ്യര്‍ത്ഥിച്ച് സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമേ യൂറോപ്യന്‍ കമ്മിഷന്‍, യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, യുകെ, സ്പെയിന്‍, ബെല്‍ജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആക്രണത്തിനെതിരെ രംഗത്തെത്തി. ഇരു രാജ്യങ്ങളും അക്രമത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് റഷ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.