ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ക്കു നിയമ സാധുത നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിവാഹം കഴിക്കുന്നതിനുള്ള അവകാശം ഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഇക്കാര്യത്തില്‍ നിയമമുണ്ടാക്കേണ്ടത് പാര്‍ലമെന്റ് ആണെന്ന് ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.
സ്വവര്‍ഗ ദമ്പതികള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നത് ഉള്‍പ്പെടെ ഒട്ടേറെ നിര്‍ദേശങ്ങള്‍ അടങ്ങിയ വിശദമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ് എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഡിവിഷന്‍ ബെഞ്ചാണ് നാല് വ്യത്യസ്ത വിധികള്‍ പ്രസ്താവിച്ചത്.
- Advertisement -
സ്വവര്‍ഗ വിഭാഗമെന്നത് നഗര വരേണ്യവര്‍ഗമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്വവര്‍ഗരതി വിഡ്ഢിത്തമോ ഒരു നഗര സങ്കല്‍പ്പമോ സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തപ്പെട്ടതോ അല്ല. സ്വവര്‍ഗാനുരാഗികള്‍ നഗരത്തിലും വരേണ്യ ഇടങ്ങളിലും മാത്രമേ ഉള്ളൂ എന്ന് ചിത്രീകരിക്കുന്നത് അവരെ ഇല്ലായ്മ ചെയ്യലാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
സ്വവര്‍ഗ പങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അവകാശമുണ്ട്. സ്വവര്‍ഗ വ്യക്തികള്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികള്‍ക്കും അവരുടെ ജീവിതത്തിന്റെ ധാര്‍മ്മിക നിലവാരം വിലയിരുത്താന്‍ അവകാശമുണ്ട്. അതേസമയം പൊലീസ് ഇവരെ വിളിച്ചു വരുത്തി ഇവരുടെ സെക്ഷ്വല്‍ ഐഡന്റിറ്റി നടത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. യാതൊരു തരത്തിലുള്ള ഹോര്‍മോണ്‍ ചികിത്സയും പാടില്ല. നിര്‍ബന്ധിച്ച് ഇവരെ കുടുംബത്തിനൊപ്പം വിടാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ക്വിയര്‍ വ്യക്തികളോട് വിവേചനം കാണിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഭിന്നലിംഗത്തിലുള്ള ദമ്പതികള്‍ക്ക് ലഭിക്കുന്ന ഭൗതിക ആനുകൂല്യങ്ങളും സേവനങ്ങളും സ്വവര്‍ഗ ദമ്പതികള്‍ക്ക് നിഷേധിക്കുന്നത് അവരുടെ മൗലികാവകാശത്തിന്റെ ലംഘനമായിരിക്കുമെന്നുമുള്ള വളരെ പ്രസ്‌ക്തമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്.
സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം എന്നത് തന്നെ അയാള്‍ ആഗ്രഹിക്കുന്നത് ആവുക എന്നതാണ്. സ്വവര്‍ഗവ്യക്തികള്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികള്‍ക്കും അവരുടെ ജീവിതത്തിന്റെ ധാര്‍മ്മിക നിലവാരം വിലയിരുത്താന്‍ അവകാശമുണ്ട്. ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിത ഗതി തെരഞ്ഞെടുക്കുന്നതിന്റെ അവിഭാജ്യ ഘടകമാണ്. ചിലര്‍ ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കണക്കാക്കാം. ഈ അവകാശം ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണ്.
ഉടമ്പടിയില്‍ പ്രവേശിക്കാനുള്ള അവകാശത്തില്‍ ഒരാളുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശവും ആ ഉടമ്പടിയെ അംഗീകരിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നു. ഇത്തരം കൂട്ടുകെട്ടുകള്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെടുന്നത് സ്വവര്‍ഗ ദമ്പതികളോടുള്ള വിവേചനത്തിന് കാരണമാകുംചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
- Advertisement -