കൊച്ചി: കളമശേരിയിലെ സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, റോഷി അഗസ്റ്റിന്‍, വീണാ ജോര്‍ജ്, ഹൈബി ഈഡന്‍ എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സന്ദര്‍ശനം
ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലും സണ്‍റൈസ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. രാവിലെ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ മുഖ്യമന്ത്രിയും സംഘവും കൊച്ചിയിലെത്തിയത്.
ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചു.പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53) , മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന(12) എന്നിവരാണു മരിച്ചത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.