Ultimate magazine theme for WordPress.

തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

0

തബലിസ്റ്റ് ഇതിഹാസം സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. (Ustad Zakir Hussain Legendary Tabla Maestro, Passes Away)

- Advertisement -

ആഗോള സംഗീത ഭൂപടത്തില്‍ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍. പണ്ഡിറ്റ് രവിശങ്കര്‍, ജോണ്‍ മക്ലാഫ്‌ലിന്‍, ജോര്‍ജ്ജ് ഹാരിസണ്‍ എന്നിവരുള്‍പ്പെടെയുള്ള പ്രഗല്‍ഭരോടൊപ്പം അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലാസിക്കല്‍ സംഗീത രംഗത്തെ വലിയ പേരുകളിലൊന്നാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്റേത്. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീയും പദ്മവിഭൂഷനും ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

 

1988ല്‍ അദ്ദേഹത്തിന് പദ്മശ്രീയും 2002ല്‍ അദ്ദേഹത്തിന് പദ്മ ഭൂഷണും 2023ല്‍ അദ്ദേഹത്തിന് പദ്മ വിഭൂഷനും നല്‍കി രാജ്യം ആദരിച്ചു. 1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. സംഗീത ഇതിഹാസം അള്ളാ റഖയുടെ മകനാണ് സാക്കിര്‍ ഹുസൈന്‍. ലോകമെമ്പാടും ആരാദകരുള്ള ദി ബീറ്റില്‍സ് ഉള്‍പ്പെടെയുള്ള സംഘങ്ങളുമായി സാക്കിര്‍ ഹുസൈന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് മൂന്ന് ഗ്രാമി അവാര്‍ഡുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന അപൂര്‍വ നേട്ടവും സാക്കിര്‍ ഹുസൈന് കൈവരിക്കാനായി.

ആദ്യമായി തബലയില്‍ താളം തീര്‍ക്കുമ്പോള്‍ വെറും മൂന്ന് വയസ് മാത്രമായിരുന്നു സാക്കിര്‍ ഹുസൈന്റെ പ്രായം. പിതാവ് അള്ളാ റഖ തന്നെയാണ് മകനെ സംഗീതം പഠിപ്പിച്ചത്. പിന്നീട് തീരെച്ചെറുപ്പമായിരുന്നപ്പോള്‍ തന്നെ ഹിന്ദുസ്ഥാനി സംഗീതത്തെ മറ്റ് പല സംഗീതശാഖകളുമായി ചേര്‍ത്ത് അദ്ദേഹം മനോഹര ഫ്യൂഷനുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. 1970ല്‍ അദ്ദേഹം ഗിറ്റാറിസ്റ്റായ ജോണ്‍ മക്ലാഗ്ലിനോടൊപ്പം ചേര്‍ന്ന് ശക്തി എന്ന ഫ്യൂഷന്‍ ഗ്രൂപ്പ് സ്ഥാപിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍, ജാസ് മുതലായവ സംയോജിപ്പിച്ച അവരുടെ കൂട്ടുകെട്ട് വലിയ ശ്രദ്ധ നേടി. റിമെംബര്‍ ശക്തി, പ്ലാനറ്റ് ഡ്രം തുടങ്ങിയ അദ്ദേഹത്തിന്റെ പ്രോജക്ടുകള്‍ ഇന്നും വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. സംഗീത ലോകത്തിന് കനത്ത നഷ്ടമാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്റെ വിയോഗം.

- Advertisement -

Leave A Reply

Your email address will not be published.