പക്ഷിമൃഗാദികളെ വളർത്തൽ ലൈസൻസ്: ഏകജാലക സംവിധാനം കൊണ്ടുവരും: മന്ത്രി ജെ ചിഞ്ചു റാണി
കണ്ണൂർ: പക്ഷി മൃഗാദികളെ വളർത്തുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് ഏകജാലക സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇരിട്ടി കിളിയന്തറയിലെ റിന്റർ പെസ്റ്റ് ഇറാഡിക്കേഷൻ ചെക്ക് പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അരുമ മൃഗങ്ങളേയും പക്ഷികളേയും വളർത്തുന്നത് ഏറി വരുന്ന സാഹചര്യത്തിൽ ലൈസൻസ്, സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിന് ഏകജാലക സംവിധാനമാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വെറ്ററിനറി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ടുമാരുൾപ്പെട്ട ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ഓരോ പ്രദേശത്തേയും വെറ്ററിനറി പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. രാത്രികാലങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന വെറ്ററിനറി സംവിധാനമാണ് ലക്ഷ്യമിടുന്നത്. മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
- Advertisement -
വീട്ടുപടിക്കൽ വൈദ്യസഹായം എത്തിക്കുന്നതിനായി അത്യന്താധുനിക ടെലി വെറ്ററിനറി വൈദ്യ സംവിധാനം ഒരുക്കി കഴിഞ്ഞു. വളർത്ത് മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള ആധുനിക ചികിത്സ ഇത് വഴി ലഭ്യമാകും. റിന്റർപെസ്റ്റ് ഇ റാഡിക്കേഷൻ ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ശക്തമാക്കി പകർച്ചവ്യാധികൾ തടയും. അതിർത്തികൾ വഴിയുള്ള പക്ഷിമൃഗാദികളുടെ കടത്ത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. രോഗബാധയുള്ളവയെ നിരീക്ഷണത്തിലാക്കി ചികിത്സിച്ച് ഭേദമാക്കും. അല്ലാത്തവയെ തിരിച്ചയക്കും. ഇത്തരം നടപടികൾക്ക് ചെക്ക് പോസ്റ്റുകൾ അനിവാര്യമാണ്. മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.
- Advertisement -