ശൈലജ ടീച്ചർ എന്തുകൊണ്ട് മുഖ്യമന്ത്രിയായില്ല? ഡി.സി.സി അധ്യക്ഷ പട്ടികയിൽ സ്ത്രീകളുണ്ടോ? ഇത് മുസ്ലീം ലീഗിന്റെ മാത്രം പ്രശ്‌നമല്ലെന്ന് ഫാത്തിമ തെഹ് ലിയ
കോഴിക്കോട്: കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും സ്ത്രീകൾക്ക് കൃത്യമായ പ്രതിനിധ്യം ലഭിക്കുന്നില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹ്ലിയ. ഹരിതയിലെ പ്രശ്‌നം ഉയർത്തിക്കാട്ടി ഇത് മുസ്ലീം ലീഗിന്റെ പ്രശ്നമായി മാത്രം വിലയിരുത്തരുതെന്നും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ഇതേ നിലപാട് തന്നെയാണ് സ്വകരിക്കുന്നതെന്നും ഫാത്തിമ തെഹ് ലിയ പറഞ്ഞു.
‘കേരളത്തിലെ രാഷ്്ട്രീയ പാർട്ടികൾ പരിശോധിച്ചാൽ എവിടെയൊക്കെയാണ് സ്ത്രീകൾക്ക് കൃത്യമായ പ്രതിനിധ്യം ഉറപ്പാക്കിയിട്ടുള്ളത്. അത് മുസ്ലീം ലീഗിന്റെ മാത്രം പ്രശ്നമായി കാണുന്നിടത്താണ് പ്രശ്നം. ഏറ്റവും ഒടുവിൽ വന്ന ഡി.സി.സി പ്രസിഡണ്ടുമാരുടെ പട്ടികയിൽ ഒരു വനിത പോലും ഇല്ല. ഇതിനെതിരെ മുൻ ഡി.സി.സി പ്രസിഡൻറായിരുന്ന ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു. മന്ത്രിസഭയിൽ മൂന്ന് വനിത മന്ത്രിമാർ ഉണ്ടെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് നിസാരകാര്യമാണ്. ഈ മന്ത്രിസഭയിൽ കെ.കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്താമായിരുന്നില്ലേ. അത് എല്ലാവരും ആഗ്രഹിച്ചിരുന്നില്ലേ. ഗൗരിയമ്മയോട് ചെയ്തതെന്താണെന്ന് നമുക്കറിയാം. അക്കാര്യത്തിൽ ഒരു പാർട്ടിയെ പോയിന്റെ ചെയ്യേണ്ടതില്ല.’ എന്നും ഫാത്തിമ തഹ് ലിയ പ്രതികരിച്ചു.
- Advertisement -
എം.എസ്.എഫ് നേതാക്കൾക്കെതിരായ പരാതിയിൽ ഹരിത ഭാരവാഹികൾക്ക് നീതി ലഭിച്ചില്ല. തങ്ങൾ കടുത്ത മാനസിക സമ്മർദത്തിലാണെന്നും വേട്ടയാടപ്പെടുകയാണെന്നും ഫാത്തിമ പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷം താൻ കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വനിതാ കമീഷന് നൽകിയ പരാതി പിൻവലിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഹരിതയിലെ പത്ത് പ്രവർത്തകരാണെന്നും ഫാത്തിമ പറഞ്ഞു.
- Advertisement -