Ultimate magazine theme for WordPress.

ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി; ആയിഷ ബാനു സംസ്ഥാന പ്രസിഡൻറ്

0

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്ഥാന പ്രസിഡൻറ്. റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. .എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് പിരിച്ചുവിട്ട കമ്മിറ്റിക്ക് പകരമാണ് പുതിയ കമ്മിറ്റിയെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്.

പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ഇപ്പോഴത്തെ പ്രസിഡൻറ് ആയിഷ ബാനു. ജനറൽ സെക്രട്ടറിയായ റുമൈസ റഫീഖ് നേരത്തെ കണ്ണൂർ ജില്ലാ പ്രസിഡൻറും ട്രഷററായ നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയും ആയിരുന്നു. ഹരിത വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ ഭാരവാഹികൾക്ക് നിഗൂഡ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

- Advertisement -

ജൂൺ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് പഴയ ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിൻറെയും പ്രതികരണമെന്നായിരുന്നു ഹരിത നേതാക്കൾ പറഞ്ഞത്.

എന്നാൽ പാർട്ടിക്ക് കിട്ടിയ പരാതിയിൽ തീരുമാനം വരും മുമ്പേ വനിതാ കമ്മീഷന് പരാതി നൽകിയ ഹരിത നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമെന്നായിരുന്നു പാർട്ടി നേതൃത്വത്തിൻറെ പൊതുവികാരം. സമവായ ചർച്ചകളെത്തുടർന്ന് നവാസും കബീർ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കൾ. നവാസ് അടക്കമുളള എംഎസ്എഫ് നേതാക്കൾക്ക് എതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത. ഇതിന് പിന്നാലെ ഹരിത നേതാക്കൾ അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.

 

- Advertisement -

Leave A Reply

Your email address will not be published.