Ultimate magazine theme for WordPress.

അമൂല്യ വസ്തുക്കളുടെ പേരിലുള്ള തട്ടിപ്പുകൾ തുടർക്കഥ; അഞ്ച് വർഷത്തിനിടെ 818 കേസ്, തട്ടിച്ചത് നൂറ് കോടിയോളം

0

തിരുവനന്തപുരം: അമൂല്യ വസ്തുക്കളുടെ പേരിൽ തട്ടിപ്പ് നടത്തിയതിന് കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 818 കേസുകൾ. നൂറ് കോടിയോളം രൂപ തട്ടിപ്പിനിരയായവരിൽ നിന്നും നഷ്ടമായെന്നാണ് പൊലീസിൻറെ കൈവശമുള്ള കണക്ക്. സ്വർണ്ണച്ചേനയും വെള്ളിമൂങ്ങയും നക്ഷത്ര ആമയും റൈസ് പുള്ളറുമടക്കമുള്ള പല വിധ തട്ടിപ്പുകളിലാണ് മലയാളി തുടർച്ചയായി വീഴുന്നത്.

കേരളത്തിൽ ഏറ്റവുമധികം ചെലവായ തട്ടിപ്പാണ് ഇറിഡിയം റൈസ് പുള്ളർ. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലയുള്ള ലോഹമാണ് ഇറിഡിയം. എന്നാൽ ആയിരം രൂപ പോലും വിലയില്ലാത്ത ലോഹക്കൂട്ട് കാണിച്ച് കോടികളാണ് പലരിൽ നിന്നും തട്ടിയത്. ഇറിഡിയത്തിന് ന്യൂക്ലിയർ പവർ ഉണ്ടെന്നും നാസയ്ക്ക് വിറ്റാൽ ഒരു ലക്ഷം കോടി കിട്ടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്ത് കഴിഞ്ഞ വർഷം ഒരു മാധ്യമപ്രവർത്തകനിൽ നിന്ന് 80 ലക്ഷം തട്ടി. അരിമണികളെ ആകർഷിക്കാനുള്ള കഴിവ് ഉണ്ടെന്ന അവകാശവാദമാണ് റൈസ് പുള്ളർ എന്ന പേര് വരാൻ കാരണം.

- Advertisement -

സാധുക്കളായ പല ജീവജാലങ്ങളേയും തട്ടിപ്പുകാർ മറയാക്കി. സാത്താനെ ആകർഷിക്കാനും പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനും വെള്ളിമൂങ്ങ പറ്റിയതാണെന്നായിരുന്നു പ്രചാരണം. കൊച്ചിയിലെ ഒരു ഡോക്ടറുടെ പക്കൽ നിന്ന് രണ്ട് വർഷം മുൻപ് തട്ടിപ്പുകാർ വെള്ളിമൂങ്ങയെ നൽകി പറ്റിച്ചത് പത്ത് ലക്ഷം. മാരക രോഗങ്ങൾ ശമിപ്പിച്ച് ശരീരത്തിന് ഉത്തേജനം നൽകുമെന്ന് വിശ്വസിപ്പിച്ച് നക്ഷത്ര ആമയേയും വിറ്റ് കാശാക്കി. വിദേശികളാണ് കൂടുതലും തട്ടിപ്പിനിരയായത്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രങ്ങളും എയർപോർട്ടുകളും കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് വർഷത്തിനിടെ പിടികൂടിയത് ആയിരക്കണക്കിന് നക്ഷത്ര ആമകളെയാണ്. ഇരുതലമൂരിയെ വീട്ടിൽ വളർത്തിയാൽ ലൈംഗീക ഉത്തേജനമുണ്ടാകും എന്ന് വിശ്വിച്ച് പാമ്പിനെ വീട്ടിൽ വളർത്തിയവരും നിരവധി.

മാവേലിക്കരയിൽ സ്വർണ്ണചേന കാട്ടി അമ്മയും മകനും കോടികൾ തട്ടിയത് രണ്ട് വർഷം മുൻപ്. സ്വർണ്ണചേനയോടൊപ്പം സ്വർണ്ണാഭരണങ്ങൾ വച്ചാൽ ഇരട്ടിക്കുമെന്നാണ് വാഗ്ദാനം. വ്യാജ വിഗ്രഹങ്ങളും പുരാവസ്തു ശേഖരങ്ങളും കാണിച്ച് പണം തട്ടുന്നതിൽ മോൻസൻ മാവുങ്കലിന് മുൻഗാമികൾ നിരവധി. പഴയമയോടുള്ള ഭ്രമം മാത്രമല്ല മലയാളിയെ ഇതിനോട് അടുപ്പിക്കുന്നത്.

നാഗമാണിക്യം, ഗജമുത്ത്, നിധികുംഭം, സ്വർണ്ണവെള്ളരി, അങ്ങനെ തട്ടിപ്പുകളുടെ കഥകൾ നിരവധിയാണ്. പരാതിക്കാർ പലപ്പോഴും ഉറച്ച് നിൽക്കാത്തതും നാണക്കേട് കൊണ്ട് പുറത്ത് പറയാത്തതും ആണ് പല കേസുകളിലും അന്വേഷണം വഴി മുട്ടുന്നത്. ഇത് മുതലാക്കിയാണ് മോൻസൻ മാവുങ്ങലുമാർ വീണ്ടും വീണ്ടും ഉണ്ടാകുന്നത്.

- Advertisement -

Leave A Reply

Your email address will not be published.