10 ഉം, 12 ഉം വയസ്സായ കുട്ടികൾ പോലും പ്രണയബന്ധങ്ങളിൽ അകപ്പെടുന്നു; സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് സതീദേവി
തിരുവനന്തപുരം : സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി. പാലയിൽ ആൺ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു സതീദേവിയുടെ പ്രതികരണം. ഇന്നത്തെ സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
10 ഉം, 12 ഉം വയസ്സായ കുട്ടികൾ പോലും ഇന്ന് പ്രണയ ബന്ധങ്ങളിൽ വീഴുന്നു. സമൂഹമാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ട് അബദ്ധ ധാരണകൾ കുട്ടികൾക്കിടയിൽ ഉണ്ട്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകണമെന്നും സതീദേവി പറഞ്ഞു.
- Advertisement -
വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരിൽ ലിംഗ നീതിയെക്കുറിച്ചുള്ള അവബോധം കുറവാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇത് ഇല്ലാതാക്കാൻ വിദ്യാർത്ഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് സഹായിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുകൊണ്ട് ലിംഗനീതി സംബന്ധിയായ ബോധവത്കരണം കുട്ടികൾക്ക് ഉണ്ടാക്കികൊടുക്കുന്നതിന് വേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രൊജക്റ്റുകൾ കലാലയങ്ങളിൽ നടപ്പിലാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു. കേസ് അന്വേഷണം കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും സതീദേവി വ്യക്തമാക്കി.
- Advertisement -