Ultimate magazine theme for WordPress.

കസവിൽ തിളങ്ങി കേരള ആരോഗ്യ സർവകലാശാല ബിരുദ ദാനം

0

തൃശ്ശൂർ: കറുത്ത തൊപ്പിയില്ല. പാദം മുട്ടുന്ന കറുത്ത ഗൗണുമില്ല. പകരം കസവുതുന്നിയ വേഷങ്ങൾ. കേരള ആരോഗ്യസർവകലാശാലയുടെ ബിരുദദാനച്ചടങ്ങ് അക്ഷരാർഥത്തിൽ തിളങ്ങുന്നതായിരുന്നു. വിദ്യാർഥികൾ മാത്രമല്ല, ബിരുദദാനം നിർവഹിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ എത്തിയതും കേരളീയവേഷത്തിൽ.

വിവിധ വിഭാഗങ്ങളിലായി 14,229 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി. വിദ്യാർഥികൾ സ്ത്രീധനത്തിനെതിരേയുള്ള സമ്മതപത്രം നൽകുകയുംചെയ്തു. വിവിധ കോഴ്‌സുകളിൽ റാങ്കുനേടിയവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചപ്പോൾ അവിടെ പെൺകുട്ടികൾക്കായിരുന്നു ആധിപത്യം. 12 പേരിൽ രണ്ട് ആൺകുട്ടികൾ മാത്രം. ആദ്യ ഓണററി ഡോക്ടറേറ്റ് വിതരണവും ചടങ്ങിൽ നടന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽകോളേജിലെ മാനസികാരോഗ്യവിഭാഗം മേധാവി ഡോ. പോൾ സ്വാമിദാസ് റസ്സൽ ഓണററി ഡോക്ടറേറ്റ് ഗവർണറിൽനിന്ന് ഏറ്റുവാങ്ങി. റാങ്ക് ജേതാക്കൾ മാത്രമാണ് ബിരുദദാനച്ചടങ്ങിൽ നേരിട്ട് പങ്കെടുത്തത്. മറ്റുള്ളവർ ഓൺലൈൻവഴി പങ്കെടുത്തു.

- Advertisement -

സർവകലാശാലാ സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ, പ്രൊ. വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി. വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. എ.കെ. മനോജ് കുമാർ, പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ.എസ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ കെ.പി. രാജേഷ്, സർവകലാശാലാ ഡീനുമാർ, വിവിധ ഫാക്കൽറ്റി ഡീനുമാർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ 70,911 വിദ്യാർഥികൾ സ്ത്രീധനത്തിനെതിരേ ഗവർണർക്ക് സമ്മതപത്രം നൽകി.

- Advertisement -

Leave A Reply

Your email address will not be published.