Ultimate magazine theme for WordPress.

രണ്ടാംഘട്ട അലോട്ട്മെന്റ് ശേഷവും എ പ്ലസ് കിട്ടിയവർ ഇപ്പോഴും പുറത്ത്; മെറിറ്റിൽ ബാക്കി 655 സീറ്റ് മാത്രം, പ്രവേശനം ലഭിച്ചവർ 269533, അപേക്ഷകർ 465219

0

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം തുടരുന്നു. രണ്ടാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മെറിറ്റിൽ ബാക്കി 655 സീറ്റ് മാത്രം. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവർ ഇപ്പോഴും പുറത്താണ്. ഇതുവരെ പ്രവേശനം ലഭിച്ചവർ 269533. അപേക്ഷകർ 465219. മിടുക്കർ പോലും മാനേജ്മെന്റ്, അൺ എയ്ഡഡ് സീറ്റുകൾ ആശ്രയിക്കേണ്ടിവരും എന്ന നിലയിലാണ്. കഴിഞ്ഞ ദിവസം, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. പ്ലസ് വൺ സീറ്റിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പാലക്കാട് എംഎൽഎ ഷാഫി പറമ്ബിലാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്.

എന്നാൽ, സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഏഴ് ജില്ലകളിൽ 20 ശതമാനം പ്ലസ് വൺ സീറ്റ് വർധിപ്പിച്ചതായും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. സാമ്ബത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാൽ അധിക ബാച്ച് അനുവദിക്കാനാകില്ലെന്നും പത്താംക്ലാസ് പാസായ എല്ലാവർക്കും പ്ലസ് വൺ പ്രവേശനം നൽകാനാകില്ലെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. രണ്ടാമത്തെ അലോട്ട്മെന്റോടെ അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ലഭിക്കും. വിഎച്ച്എസ്എസ്ഇ, ഐടിഐ മേഖലയിൽ ഒരു ലക്ഷത്തോളം സീറ്റുകളുണ്ട്. ഈ മാസം 20ന് മാത്രമേ ആവശ്യമായ സീറ്റുകളുടെ ലഭ്യത അറിയാൻ കഴിയൂ’ എന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

- Advertisement -

അതേസമയം, ചരിത്ര വിജയം നേടിയിട്ടും വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഷാഫി പറമ്ബിൽ എംഎൽഎ കുറ്റപ്പെടുത്തി. ശാസ്ത്രീയമായ പഠനം നടത്തി സീറ്റ് വർധിപ്പിക്കണം. പാലക്കാട് മാത്രം ആയിരത്തോളം സീറ്റ് കുറവാണ്. മുഴുവൻ എ പ്ലസ് കിട്ടിയിട്ടും സീറ്റില്ലെന്ന് ഷാഫി പറമ്ബിൽ എംഎൽഎ കുറ്റപ്പെടുത്തി. പ്ലസ് വൺ പ്രവേശനത്തിന് പുതിയ ബാച്ചുകൾ അനുവദിക്കാത്തതാണ് വിദ്യാഭ്യാസരംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

മലപ്പുറം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ സീറ്റ് വിവരം തെറ്റാണെന്നും അവിടെയും എല്ലാവർക്കും പഠിക്കാൻ സാഹചര്യമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം തങ്ങൾ പങ്കുവച്ചത് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്കയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി. മന്ത്രി പറഞ്ഞ വാക്കുകൾക്ക് യാതൊരു പ്രസക്തിയുമില്ല. മന്ത്രിയുടെ മറുപടി കളവായി പരിഗണിക്കേണ്ടിവരുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.