എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻ ഹരിത നേതാക്കൾ വനിതാ കമ്മീഷനു മൊഴി നൽകും. തിങ്കളാഴ്ച്ച കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിലാണ് മുൻ ഹരിത ഭാരവാഹികളുടെ മൊഴി വനിതാ കമ്മിഷൻ രേഖപ്പെടുത്തുക.
സംസ്ഥാന ഭാരവാഹികൾ ലൈംഗികമായി ആക്ഷേപിച്ചുവെന്ന ഗുരുതര ആരോപണമാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പെൺകുട്ടികൾ ഉയർത്തിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കബീർ മുതുപറമ്ബിൽ, വഹാബ് തുടങ്ങിയവർ സ്ത്രീത്വത്തെ അപമാനിച്ചെന്നതാണ് പരാതി. ഈ വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോഴിക്കോട്ട് നടക്കുന്ന അദാലത്തിനിടെയാകും വനിതാ നേതാക്കളുടെ മൊഴി വനിതാ കമ്മിഷൻ രേഖപ്പെടുത്തുക.
- Advertisement -
എംഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ പൊതു ഇടങ്ങളിലെ നിരന്തരമായ സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഹരിത മുസ്ലിം ലീഗിനും പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി ലീഗ് നേതൃത്വം പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്. പത്ത് സംസ്ഥാന ഭാരവാഹികൾ ഒപ്പിട്ട പരാതിയാണ് വനിത കമ്മീഷൻ മുൻപാകെ നൽകിയിരിക്കുന്നത്. എന്നാൽ വിഷയത്തിൽ വനിതാ കമ്മീഷനെ സമീപിച്ച ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വം ചെയ്തത്. ആരോപണം ഉന്നയിച്ച നേതാക്കളെ പൂർണ്ണമായും ഒഴിവാക്കി പുതിയ കമ്മറ്റിയെ രൂപീകരിച്ചാണ് ലീഗ് പ്രതികാരം ചെയ്തത്.
അതേസമയം, ലൈംഗിക അധിക്ഷേപം അടക്കം സ്ത്രീകൾക്കെതിരെ വളരെ മോശം പരാമർശങ്ങൾ നടത്തിയ പികെ നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കൾക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിൽ ഹരിത നേതാക്കൾ ഉറച്ചു നിൽക്കുകയും ചെയ്തു. പ്രശ്നം അവസാനിപ്പിക്കാൻ പരസ്യ മാപ്പ് എന്ന തന്ത്രത്തിലൂടെ ലീഗ് ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.ലൈംഗിക അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് മുൻ ഹരിത നേതാക്കൾ നിയമപരമായ നടപടിയിൽ ഉറച്ചു നിൽക്കുന്നത് ലീഗ് നേതൃത്വത്തെ വലിയ തോതിൽ പ്രതിസന്ധിയിലാക്കും.
- Advertisement -