Ultimate magazine theme for WordPress.

തമിഴ്നാട്ടിലെ 70% ആളുകളിലും കോവിഡ് ആന്റിബോഡികൾ ഉണ്ടെന്ന് മൂന്നാം സെറോ സർവേ ഫലം

0

തമിഴ്നാട്ടിലെ 70 ശതമാനം ആളുകൾക്കും കോവിഡ് -19 ആന്റിബോഡികളുണ്ടെന്ന് ഏറ്റവും പുതിയ സെറോ സർവേ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം മുതലായിരുന്നു ആന്റിബോഡികള സംബന്ധിച്ച സെറോ സർവേകൾ ആരംഭിച്ചത്. ഏപ്രിലിൽ നടന്ന രണ്ടാമത്തെ സെറോ സർവേയിൽ സംസ്ഥാന ജനസംഖ്യയുടെ 29 ശതമാനം പേരിൽ മാത്രമേ ആന്റിബോഡികൾ കണ്ടെത്തിയിരുന്നുള്ളൂ. ഹോട്ട്സ്പോട്ടുകളായ ചെന്നൈയിലും കോയമ്ബത്തൂരിലും ജൂലൈ മുതൽ ഓഗസ്റ്റ് വരെ നടത്തിയ മൂന്നാമത്തെ സെറോ സർവേയിലെ സെറോപോസിറ്റിവിറ്റി യഥാക്രമം 82 ശതമാനവും 71 ശതമാനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സെറോ പോസിറ്റിവിറ്റി പട്ടികയിൽ ജനസംഖ്യയുടെ 88 ശതമാനവുമായി വിരുദുനഗർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കോവിഡ് -19ൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന ശരീരത്തിലെ ആന്റിബോഡികളുടെ അളവാണ് സെറോപോസിറ്റിവിറ്റി. ആദ്യ സർവേയുമായി (32 ശതമാനം) താരതമ്യം ചെയ്യുമ്‌ബോൾ ഏപ്രിലിലെ രണ്ടാമത്തെ സർവേയിൽ (29 ശതമാനം) 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് കൊറോണ വൈറസിന്റെ കൂടുതൽ വ്യാപനത്തിന് ഇടയാക്കുമെന്ന് ആശങ്ക ഉയർത്തിയിരുന്നു.

- Advertisement -

”രണ്ടാമത്തെ കോവിഡ് തരംഗം ഉയർന്നതും അതിൽ നിന്ന് സുഖം പ്രാപിച്ച രോഗികളുടെ എണ്ണം കൂടിയതും പ്രതിരോധ കുത്തിവയ്പ്പ് വർദ്ധിച്ചതും കാരണം ആളുകളിൽ സ്വാഭാവിക പ്രതിരോധ ശേഷി ഉണ്ടായതാണ് ഇപ്പോൾ ആന്റിബോഡികൾ ശരീരത്തിലുള്ളവരുടെ എണ്ണം വർദ്ധിക്കാൻ കാരണം,”: ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ എൻഡിടിവിയോട് പറഞ്ഞു.

കരൂർ, നീലഗിരി, അരിയല്ലൂർ, പേരാമ്ബല്ലൂർ എന്നീ നാല് ജില്ലകളിൽ സെറോപോസിറ്റിവിറ്റി നിരക്ക് 60 ശതമാനത്തിൽ താഴെയാണ്. ഈ പ്രദേശങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് നടപടികൾ ഊർജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ”ഞായറാഴ്ചത്തെ മെഗാ വാക്‌സിനേഷൻ ഡ്രൈവിനായി ഞങ്ങൾ ഈ ജില്ലകളിലേക്ക് കൂടുതൽ ഡോസുകൾ അയച്ചിട്ടുണ്ട്.” എന്ന് ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.

827 ക്ലസ്റ്ററുകളിൽ നിന്ന് 24,586 സാമ്ബിളുകൾ ശേഖരിച്ചതായും 17,090 പേർക്ക് സാർസ്-കോവിഡ് വൈറസിനെതിരെ ആന്റിബോഡികൾ ഉണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രസ്താവന വിശദീകരിക്കുന്നു. സെറോപോസിറ്റിവിറ്റി ഫലങ്ങൾ നീരിക്ഷിച്ച ആരോഗ്യ ഉദ്യോഗസ്ഥർ, തമിഴ്‌നാടിനെ ‘സുരക്ഷിത മേഖല’ എന്നാണ് കണക്കാക്കുന്നത്. അതേസമയം പുതിയ കോവിഡ് വകഭേദങ്ങളിൽ നിന്ന് സംരക്ഷണമില്ലെന്നും വിദഗ്ദ്ധർ പറയുന്നു.

അഞ്ച് കോടി ഡോസുകളുള്ളപ്പോൾ, ജനസംഖ്യയുടെ 22 ശതമാനം പേർക്ക് മാത്രമാണ് പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. സംസ്ഥാനത്ത് പ്രതിദിനം 1,500 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിന് ഇപ്പോഴും മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല. കൊറോണ വൈറസ് മഹാമാരി ആരംഭിച്ചതിനുശേഷം തമിഴ്നാട്ടിൽ ഇതുവരെ 26.7 ലക്ഷത്തിലധികം കേസുകളും 35,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രതിരോധം, അല്ലെങ്കിൽ ആന്റിബോഡി ഉത്പാദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സെറോ സർവേയിലൂടെ കണ്ടെത്തുന്നത്. രണ്ട് രീതിയിലൂടെ ശരീരത്തിൽ ആന്റിബോഡി ഉത്പാദിക്കപ്പെടാം. രോഗം വന്ന് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും വാക്സിനേഷനിലൂടെയും ഇത് ഉത്പാദിക്കപ്പെടാം.

- Advertisement -

Leave A Reply

Your email address will not be published.