Ultimate magazine theme for WordPress.

തെക്കൻ ജില്ലകളിൽ പെരുമഴ; പത്തനംതിട്ടയിൽ പ്രളയഭീതി; ഡാമുകൾ തുറക്കും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

 

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കേരള തീരത്തെത്തിയതിനെത്തുടർന്ന് കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

- Advertisement -

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. തിരുവനന്തപുരത്ത് ചെമ്പമംഗലത്ത് ചുവരിടിഞ്ഞു വീണു. രണ്ടു കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ചുവരിടിഞ്ഞു വീണത്.

പത്തനംതിട്ട ജില്ല പ്രളയഭീതിയിൽ

പത്തനംതിട്ട ജില്ലയിൽ 2018ൽ പെയ്തതിനു സമാനമായി കനത്ത മഴ തുടരുകയാണ്. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായി ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. ആനത്തോട് ഡാമിൽ ഇന്നലെ വൈകീട്ടു തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തെന്മല പരപ്പാർ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 50 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. സമീപവാസികൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയർന്നു. മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുന്നു. താഴ്ന്ന ഇടങ്ങളിലെ റോഡിൽ വെള്ളം കയറി. കനത്ത മഴയിൽ ഇത്തിക്കരയാറിനോട് ചേർന്നുള്ള റോഡ് ഇടിഞ്ഞു. കനത്ത മഴയെത്തുടർന്ന് കുട്ടനാട്ടിൽ പലയിടത്തും വെള്ളക്കെട്ടാണ്. എ സി റോഡിൽ വെള്ളം കയറി.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 128.80 അടിയെത്തി. അതിശക്തമായ മഴയെത്തുടർന്ന് പെരിങ്ങൽക്കുത്ത് ഡാം തുറന്നിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

- Advertisement -

Leave A Reply

Your email address will not be published.