Ultimate magazine theme for WordPress.

ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്, ജാഗ്രതയിൽ കേരളം; ആലപ്പുഴയിൽ മടവീണ് 400 ഏക്കർ പാടശേഖരം നശിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

ഇടുക്കി അടക്കമുള്ള അണക്കെട്ടുകൾ തുറന്നിട്ടിരിക്കുന്നതിനാൽ, അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഓറ‍ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലർട്ട് എന്ന പോലെ തയ്യാറെടുപ്പുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം. അപകടമേഖലകളിൽ നിന്ന് ആളുകൾ മാറിതാമസിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ടാണ്.

- Advertisement -

ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന വടക്കൻ ജില്ലകളിൽ രാവിലെ മഴയില്ലെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുളള പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കി. കേന്ദ്രസേനയും പലയിടങ്ങളിലായി ക്യാംപ് ചെയ്യുന്നുണ്ട്. നിലവിൽ ജലാശയങ്ങളിലെ ജലനിരപ്പ് അപകടകരമായ രീതിയിലല്ലെന്നാണ് വിലയിരുത്തൽ. അതേ സമയം ആലപ്പുഴ ചെറുതന യിൽ 400 ഏക്കർ വരുന്ന തേവേരി പാടശേഖരത്തിൽ മട വീണു. രണ്ടാം കൃഷി പൂർണമായും നശിച്ചു.ആലപ്പുഴയിൽ മഴ മാറി നിൽക്കുകയാണ്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് താഴ്ന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. മലയോരമേഖലകളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശമുണ്ട്.

തീരപ്രദേശങ്ങളിലും ജാഗ്രത വേണം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കേരളാ തീരത്ത് കാറ്റിന്‍റെ വേഗം 50 കി.മി വരെയാകാന്‍ സാധ്യതയുളളതിനാല്‍ വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വലിയുന്നതിനൊപ്പം, തുലാവര്‍ഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. കിഴക്കന്‍ കാറ്റിന്റെ ശക്തി കൂടുന്നതും മഴ സാധ്യത വര്‍ധിപ്പിക്കും.

- Advertisement -

Leave A Reply

Your email address will not be published.