ചെന്നൈ: വിവാദ ഹിന്ദി പരാമർശത്തിന്റെ പേരിൽ കസ്റ്റമർ കെയറിലെ ജീവനക്കാരിയെ പുറത്താക്കിയും പിന്നീട് തിരിച്ചെടുത്തും ഇ-കൊമേഴ്‌സ് സ്ഥാപനമായ സൊമാറ്റോ. തമിഴ്‌നാട്ടിൽ നിന്നുള്ള ഉപയോക്താവുമായുള്ള സംഭാഷണമധ്യേയാണ് ഹിന്ദി ദേശീയഭാഷയാണെന്നും എല്ലാവർക്കും കുറച്ചെങ്കിലും ഹിന്ദി അറിഞ്ഞിരിക്കണമെന്നും ജീവനക്കാരി അഭിപ്രായപ്പെട്ടത്. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും എതിർപ്പുയരുകയും ചെയ്തതോടെ ജീവനക്കാരിയെ പുറത്താക്കിയെന്ന് സൊമാറ്റോ അറിയിച്ചു.
എന്നാൽ അൽപ്പസമയത്തിന് ശേഷം ഇവരെ തിരിച്ചെടുത്തുവെന്ന് കമ്പനി സി.ഇ.ഒ.യും സഹസ്ഥാപകനുമായ ദീപിന്ദർ ഗോയൽ ട്വീറ്റ് ചെയ്യുകയായിരുന്നു. ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാതെ വന്നതോടെയാണ് തമിഴ്‌നാട്ടുകാരനായ വികാഷ് സൊമാറ്റോയുടെ ആപ്ലിക്കേഷൻ മുഖേന തന്നെ പരാതിപ്പെട്ടത്. റെസ്റ്റോറന്റുകാരിൽ നിന്ന് വിശദീകരണം തേടുന്നുണ്ടെന്നും എന്നാൽ ആശയവിനിമയത്തിന് ഭാഷ പ്രശ്നമാകുന്നുവെന്നും കസ്റ്റമർ കെയർ ജീവനക്കാരി അറിയിച്ചു. ഇത് തന്റെ വിഷയമല്ലെന്നും സൊമാറ്റോ തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ തമിഴ് അറിയാവുന്നവരെ കസ്റ്റമർ കെയറിൽ നിയമിക്കരുതോയെന്നും വികാഷ് ചോദിച്ചു. അപ്പോഴാണ് എല്ലാവർക്കും കുറച്ചെങ്കിലും ഹിന്ദി അറിഞ്ഞിരിക്കണമെന്ന ജീവനക്കാരിയുടെ മറുപടി.
- Advertisement -
സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം വികാഷ് ട്വീറ്റ് ചെയ്തതോടെ കനിമൊഴി എം.പി. അടക്കമുള്ളവർ എതിർപ്പുമായി രംഗത്തെത്തി. ഇതോടെ ട്വിറ്ററിലൂടെ തന്നെ സൊമാറ്റോയുടെ വിശദീകരണം വന്നു. ക്ഷമാപണം നടത്തിയതിനൊപ്പം ജീവനക്കാരിയെ പുറത്താക്കിയതായും അറിയിച്ചു. തമിഴ് ആപ്ലിക്കേഷൻ തയ്യാറാക്കി വരുന്നതായും പ്രദേശിക ഭാഷയിൽ കസ്റ്റമർ കെയർ വിഭാഗം ആരംഭിക്കുമെന്നും അറിയിച്ചു.
എന്നാൽ അധികം വൈകാതെ ജീവനക്കാരിയെ തിരിച്ചെടുത്തുവെന്ന് അറിയിച്ചുള്ള സി.ഇ.ഒ. ദീപിന്ദർ ഗോയലുടെ ട്വിറ്റർ സന്ദേശമെത്തുകയായിരുന്നു. അറിവില്ലായ്മയുടെ പേരിലുണ്ടായ സംഭവം ഇപ്പോൾ ദേശീയ പ്രശ്നമായിരിക്കുകയാണെന്നും രാജ്യത്ത് കുറച്ചുകൂടി സഹിഷ്ണുത ആവശ്യമാണെന്നും ഗോയൽ അഭിപ്രായപ്പെട്ടു. കസ്റ്റമർ കെയറിലെ ജീവനക്കാർ ഭാഷാവിദഗ്ധരും പ്രാദേശിക വികാരങ്ങളെക്കുറിച്ച് അറിവുള്ളവരുമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
- Advertisement -