Ultimate magazine theme for WordPress.

തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ ദുല്‍ഖറിന്‍റെ ‘കുറുപ്പ്’; റിലീസ് പ്രഖ്യാപിച്ചു

0

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദുൽഖർ ചിത്രം ‘കുറുപ്പി’ന്റെ റിലീസ് തീയതി ഔദ്യോ​ഗികമായി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നവംബർ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ എത്തുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ ദുല്‍ഖറാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. കൂട്ടില്‍ നിന്നും കുറുപ്പ് പുറത്ത് വരികയാണെന്നും തിയറ്ററുകളിലേക്കാണ് ആ വരവെന്നും താരം കുറിച്ചു. ചിത്രത്തിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ഒരുപാട് കാലം നീണ്ടുനിന്നെന്നും നിങ്ങളുടെ പിന്തുണയും നിരന്തരമായ ആവശ്യങ്ങളും കൊണ്ടുമാത്രമാണ് കുറുപ്പ് തിയേറ്ററുകളിലേക്കത്തുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

- Advertisement -

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന ‘സെക്കന്‍ഡ് ഷോ’യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം.

കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ, പി ആർ ഒ ആതിര ദിൽജിത്.

- Advertisement -

Leave A Reply

Your email address will not be published.