ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല. കോടതി നിബന്ധനകൾ കാരണം ജാമ്യം നിൽക്കാൻ എത്തിയ രണ്ട് പേർ പിന്മാറിയതോടെയാണിത്. പകരം പുതിയ ജാമ്യക്കാരെ ഹാജരാക്കുമെന്നും നാളെയോടെ പുറത്തിറങ്ങാനാകുമെന്നും അഭിഭാഷകർ അറിയിച്ചു.
കഴിഞ്ഞദിവസമാണ് ബിനീഷിന് കർണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷിനെ വിചാരണ തടവുകാരനായി പാർപ്പിച്ചിരിക്കുന്നത്. രാജ്യത്ത് മുന്നൂറ് കോടിയിലധികം രൂപയുടെ കള്ളപ്പണം നടത്തിയവർക്ക് വരെ ജാമ്യം ലഭിച്ചപ്പോൾ വെറും അഞ്ചുകോടിയുടെ കള്ളപ്പണ ആരോപണത്തിൽ തനിക്ക് എന്തുകൊണ്ട് ജാമ്യം നൽകുന്നില്ലെന്ന് ജാമ്യഹർജിയിൽ ബിനീഷ് ചോദിച്ചിരുന്നു.
- Advertisement -
ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥർക്കു മുന്പാകെ ഹാജരായ ബിനീഷിനെ 2020 ഒക്ടോബർ 29നാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കാനായി ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചതെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്. കേസിലെ നാലാം പ്രതിയാണ് ബിനീഷ്. അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രൻ എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശത്തത്തോടെയാണെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു. ലഹരിക്കടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിൻറെ ബെനാമിയാണെന്ന് നേരത്തെതന്നെ ഇഡി കോടതിയെ അറിയിച്ചിരുന്നു.
ഏഴ് വർഷത്തിനുള്ളിൽ ബിനീഷ് 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകൾ നടത്തി. ഇതിൽ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായനികുതി റിട്ടേൺ സമർപ്പിച്ചതെന്നും രേഖകൾ സഹിതം കുറ്റപത്രത്തിൽ വിവരിക്കുന്നു. അതേസമയം, ബിനീഷിന് ജാമ്യം ലഭിച്ചതിനാൽ സിപിഎം സമ്മേളന കാലത്ത് കോടിയേരി ബാലകൃഷ്ണന് പാർട്ടിയിൽ വീണ്ടും ശക്തമാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് അദ്ദേഹം തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.
- Advertisement -