Ultimate magazine theme for WordPress.

മോദി വത്തിക്കാനിൽ; മാർപാപ്പയുമായി കൂടിക്കാഴ്ച തുടങ്ങി

0

റോം: പതിനാറാം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി. അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങൾ മാർ പാപ്പയുമായി പ്രധാനമന്ത്രി ചർച്ച ചെയ്യും. അപ്പോസ്തലിക് പാലസിൽ വെച്ചാണ് മോദി പോപ്പിനെ കാണുന്നത്. അര മണിക്കൂറാണ് കൂടിക്കാഴ്ച. ഇന്ത്യ സന്ദർശിക്കാൻ പോപ്പിനെ പ്രധാനമന്ത്രി ക്ഷണിച്ചേക്കുമെന്നാണ് കരുതുന്നത്.

മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നടത്തുകയെന്നും തുടർന്ന് പ്രതിനിധി തല ചർച്ചകൾ നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചർച്ചയ്ക്ക് വത്തിക്കാൻ പ്രത്യേകിച്ച് അജണ്ടകളൊന്നും നിശ്ചയിച്ചിട്ടില്ല. മാർപാപ്പയുമായുള്ള ചർച്ചകളിൽ അജണ്ട നിശ്ചയിക്കുന്ന പതിവില്ലെന്നാണ് കരുതുന്നത്. ലോകത്തിന് പൊതുവെ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചചെയ്യപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

- Advertisement -

മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കും. ‘ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം’ എന്ന വിഷയത്തിലാണ് യോഗം. തുടർന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂർ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചർച്ച നടത്തും.

ഇറ്റലിയിലെത്തിയ മോദി യൂറോപ്യൻ യൂണിയൻ കൗൺസിൽ ചാൾസ് മിഷേൽ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൺ ഡെയർ ലെയെൻ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഹി എന്നിവരുമായി കഴിഞ്ഞ ദിവസം മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അവിടത്തെ ആദ്യ ഔദ്യോഗിക ചടങ്ങിൽ വ്യാപാരം, നിക്ഷേപ ബന്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, കോവിഡ്, ദേശീയ, ആഗോളവികസനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചചെയ്തത്. മെച്ചപ്പെട്ട ഭൂമി സൃഷ്ടിക്കാനായി മനുഷ്യബന്ധങ്ങളും സാമ്പത്തിക ബന്ധങ്ങളും ഊഷ്മളമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ ആശയങ്ങൾ പങ്കുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. തുടർന്ന്, പിയാസ ഗാന്ധിയിലുള്ള മഹാത്മാ ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.

മൂന്നുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി റോമിലെ ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങിയത്. ഇറ്റാലിയൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇറ്റലിയിലെ ഇന്ത്യൻ സ്ഥാനപതിയും ചേർന്ന് സ്വീകരിച്ചു. 12 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി റോം സന്ദർശിക്കുന്നത്.

ജി-20 ഉച്ചകോടിക്കുശേഷം ഞായറാഴ്ച റോമിൽനിന്ന് പ്രധാനമന്ത്രി നേരെ സ്‌കോട്‌ലൻഡിലെ ഗ്ലാസ്ഗോവിലേക്ക് പോവും. അവിടെ 26-ാം കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്കിടെ സ്പെയിൻ പ്രധാനമന്ത്രി പെദ്രൊ സാൻചെസുമായും ജർമൻ ചാൻസലർ ആംഗേല മെർക്കലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

- Advertisement -

Leave A Reply

Your email address will not be published.