Ultimate magazine theme for WordPress.

കന്നഡയുടെ കണ്ണീരോർമ്മയായി പുനീത്; കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് ജനപ്രവാഹം, സംസ്‌കാരം ഇന്ന് വൈകിട്ട്

0

ബംഗളൂരു: ഇന്നലെ അന്തരിച്ച കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിൻറെ ശവസംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട്. മാതാപിതാക്കളായ ഡോ: രാജ്കുമാറിൻറെയും പർവ്വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്ത കണ്ഡീരവ സ്റ്റുഡിയോയിലാണ് ചടങ്ങുകൾ നടക്കുക. ഇന്നലെ രാത്രിയോടെ പൊതുദർശനത്തിനുവച്ച കണ്ഡീരവ സ്റ്റേഡിയത്തിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കൺഡീരവ സ്റ്റുഡിയോയിലേക്ക് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോവുക. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബംഗളൂരു നഗരവും വിശേഷിച്ച് കൺഡീരവ സ്റ്റേഡിയവും. കർണ്ണാടകയിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വന്തം ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ച കഴിഞ്ഞ് 2.30 നാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞതു മുതൽ വിക്രം ആശുപത്രിക്കു മുന്നിലേക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. മരണവാർത്ത പുറത്തുവന്നതോടെ ആരാധകരിൽ ചിലർ അക്രമാസക്തരായി. ബസ്സുകൾ തല്ലിത്തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പ്രദേശം കനത്ത പൊലീസ് ബന്തവസ്സിലായി. അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി 6000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെഎസ്ആർപി പ്ലാറ്റൂണുകളെയുമാണ് നിലവിൽ ബംഗളൂരു നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഒപ്പം സിറ്റി ആംഡ് റിസർവ്വും ആർഎഎഫുമുണ്ട്.

- Advertisement -

പുനീതിൻറെ യുഎസിലുള്ള മകൾ വന്ദിത എത്തിയതിനു ശേഷമാവും സംസ്‌കാര ചടങ്ങുകൾ നടക്കുക. ദില്ലിയിൽ ഉച്ചയ്ക്ക് ഒരു മണിയോടെ എത്തുന്ന വന്ദിതയ്ക്ക് ബംഗളൂരുവിൽ എത്താനായി പ്രത്യേക വിമാനം ഒരുക്കിയിട്ടുള്ളതായ് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. വൈകിട്ട് ഏഴ് മണിയോടെയാവും പൂർണ്ണ സംസ്ഥാന ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകൾ. വിക്രം ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി തന്നെ മൃതദേഹം പൊതുദർശനത്തിനായി കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് എത്തിച്ചിരുന്നു. ആയിരങ്ങളാണ് ഇന്നലെ മുതൽ തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്നത്. കന്നഡ രാഷ്ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ ഇന്നലെ രാത്രി തന്നെ എത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ജൂനിയർ എൻടിആർ അടക്കമുള്ള തെലുങ്ക് സിനിമാതാരങ്ങളും ഇന്ന് നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിക്കും.

- Advertisement -

Leave A Reply

Your email address will not be published.