പുതുച്ചേരി: പുതുച്ചേരിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ അഞ്ചുപേരടങ്ങുന്ന ഗുണ്ടാ സംഘം ബോംബെറിഞ്ഞാണ് രണ്ടുപേരെയും കൊലപ്പെടുത്തിയത്. പുതുച്ചേരി വാനരപ്പെട്ടയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ബാം രവി, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവേ അഞ്ചുപേരടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി ഇരുവരും ഓടിയെങ്കിലും അക്രമികൾ പിന്തുടർന്ന് ബോംബെറിയുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊല്ലപ്പെട്ട രവി ഒരു കൊലപാതക കേസിലെ പ്രതിയാണ്. കൂടാതെ രണ്ട് കൊലപാതക ശ്രമങ്ങളുൾപ്പെടെ നിരവധി കേസുകളുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
- Advertisement -
സംഭവസ്ഥലത്ത് സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ പുതുച്ചേരി പൊലീസും ബോംബ് സ്‌ക്വാഡും ചേർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിൽ റൈഡ് നടത്തി. ചില വീടുകളിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
- Advertisement -