Ultimate magazine theme for WordPress.

ലൈംഗിക അധിക്ഷേപം: ഹരിത നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം

0

കോഴിക്കോട്: എംഎസ്എഫ് നേതാക്കൾ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എം എസ് എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാൾക്കെതിരെയും വനിതാ നേതാക്കൾ പരാതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഇയാളുടെ പേരില്ല. ഈ മാസം 2 നാണ് ജെ എഫ് സി എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്.

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുൻ ഹരിതാ നേതാക്കൾ ഉയർത്തിയത്. വനിതാ കമ്മീഷന് മുന്നിലും നേതാക്കൾ പരാതി നൽകി. വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറുകയും തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയിൽ പൊലീസ് കേസ് എടുത്ത് അന്വേഷിച്ചത്.

- Advertisement -

ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എം എസ് എഫ് സംസ്ഥാന പ്രസിഡൻറ് ”വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും” എന്ന് പരാമർശിച്ചതായാണ് പരാതിയിൽ പറയുന്നത്.
ഇതിന് സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിൻറെയും പ്രതികരണം. എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഹരിതാ നേതാക്കൾ ആരോപിച്ചിരുന്നു.

 

- Advertisement -

Leave A Reply

Your email address will not be published.