ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഗോ ഫസ്റ്റിന്റെ അന്താരാഷ്ട്ര വിമാനത്തിന് തങ്ങളുടെ വ്യോമപാതയില്‍ പ്രവേശനം നല്‍കില്ലെന്ന് പാക്കിസ്ഥാന്‍.
കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്ത വിമാനത്തിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതോടെ വിമാനത്തിന് ഗുജറാത്ത് വഴി യാത്ര ചെയ്യേണ്ടി വരും.
- Advertisement -
മുന്‍പ് ഗോ എയര്‍ ആയിരുന്ന വിമാനക്കമ്ബനിയാണ് ഇപ്പോള്‍ ഗോ ഫസ്റ്റ് എന്നറിയപ്പെടുന്നത്. ഒക്ടോബര്‍ 23 നാണ് ഇവര്‍ തങ്ങളുടെ ആദ്യ ഷാര്‍ജ – ശ്രീനഗര്‍ വിമാന സര്‍വീസ് ആരംഭിച്ചത്. ഒക്ടോബര്‍ 31 വരെ ഈ വിമാനം പാക്കിസ്ഥാന് മുകളില്‍ കൂടിയാണ് പറന്നിരുന്നത്.
ചൊവ്വാഴ്ച പാക്കിസ്ഥാന്‍ വിമാനത്തിന് തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചതോടെ സര്‍വീസ് ഗുജറാത്ത് വഴിയാക്കേണ്ടി വന്നു. ഇതോടെ ഷാര്‍ജയിലെത്താന്‍ 40 മിനിറ്റ് അധിക സമയം ചെലവായി. എന്നാല്‍ വിമാനത്തിന് പ്രവേശനാനുമതി നിഷേധിക്കാനുണ്ടായ കാരണം പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല. പിടിഐയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗോ ഫസ്റ്റ് പിടിഐയോട് പ്രതികരിച്ചിട്ടില്ല.
ജമ്മു കശ്മീരിനെ വിദേശ രാജ്യമായ യുഎഇയുമായി ബന്ധിപ്പിച്ച 11 വര്‍ഷത്തിനിടയിലെ ആദ്യ വിമാനമായിരുന്നു ഗോ എയറിന്റേത്. 2009 ല്‍ ശ്രീനഗറില്‍ നിന്ന് ദുബൈയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് തുടങ്ങിയിരുന്നെങ്കിലും യാത്രക്കാരില്ലാതെ വന്നതോടെ ഈ സര്‍വീസ് നിര്‍ത്തിയിരുന്നു.
പാക്കിസ്ഥാന്റെ നിലപാട് നിര്‍ഭാഗ്യകരമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. 2009-10 കാലത്ത് പാക്കിസ്ഥാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ശ്രീനഗര്‍ – ദുബൈ വിമാനത്തോട് സ്വീകരിച്ചതും ഇതേ നിലപാടായിരുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
- Advertisement -