ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉത്തരഖണ്ഡ് സന്ദർശിക്കും. രാവിലെ എട്ട് മണിക്ക് കേദാർനാഥ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർഥന നടത്തും. രാവിലെ 8.35ന് ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ഉത്തരാഖണ്ഡിൻറെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന ഉത്തരാഖണ്ഡിലെ നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തും.
അതേസമയം പതിവ് മുടക്കാതെ പ്രധാനമന്ത്രി ദീപാവലി ദിനത്തിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി ഇന്ന് ജമ്മു കാശ്മീരിലെത്തി. ജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നിലയുറപ്പിച്ചസായുധ സേനാംഗങ്ങൾക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു. ബ്രിഗേഡിയർ ഉസ്മാൻ, നായിക് ജദുനാഥ് സിംഗ്, ലഫ്റ്റനന്റ് ആർ ആർ റാണെ എന്നീ ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ‘130 കോടി ഇന്ത്യക്കാരുടെ ആശംസകളുമായാണ് ഞാൻ നിങ്ങളെ കാണാനെത്തിയിരിക്കുന്നതെന്ന് മോദി സൈനികരോട് പറഞ്ഞു.
- Advertisement -
‘നവീന സാങ്കേതികവിദ്യകളും അടിസ്ഥാനസൗകര്യങ്ങളും ഉപയോഗിച്ച് അതിർത്തിപ്രദേശങ്ങളായ ലഡാക്കിൽ നിന്ന് അരുണാചൽ പ്രദേശ് വരെയും ജയ്‌സാൽമർ മുതൽ ആൻഡമാൻ നിക്കോബാർ വരെയും സമ്പർക്കം സൃഷ്ടിച്ചത് സൈനികർക്ക് ഇതുവരെയുണ്ടാകാത്തവിധത്തിലുള്ള സൗകര്യങ്ങളും അടിസ്ഥാനവികസനവും പ്രാപ്തമാക്കി. ‘രാജ്യത്തിന്റെ പ്രതിരോധത്തിൽ വനിതകളുടെ കൂടുതൽ പങ്കാളിത്തം പുതിയ ഉയരങ്ങൾ തൊടുകയാണ്. ‘ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സായുധ സേന അവർക്കൊപ്പം തന്നെ പ്രൊഫഷണലാകുമ്പോഴും അതിന്റെ മാനുഷിക മൂല്യങ്ങൾ അതിനെ വൈവിധ്യമുള്ളതും അനിതര സാധാരണവുമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
- Advertisement -