ചെന്നൈ: താഴ്ന്ന ജാതിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നാദാനത്തിൽ നിന്ന് ഇറക്കിവിട്ട സ്ത്രീയെ വീട്ടിലെത്തി കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അനാചാരത്തിനെതിരെ പ്രതികരിച്ച അശ്വിനിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അശ്വിനി ഉൾപ്പെട്ട നരിക്കുറവർ വിഭാഗത്തിന് തമിഴ്‌നാട് സർക്കാർ അഞ്ച് കോടിയോളം രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചു.
ചെങ്കൽപ്പേട്ട് ജില്ലയിലെ മാമ്മലപുരത്തെ ക്ഷേത്രത്തിൽ നിന്നാണ് അശ്വിനിയെയും കുടുംബത്തെയും താഴ്ന്ന ജാതിക്കാരെന്ന് പറഞ്ഞ് ക്ഷേത്രഭാരവാഹികൾ ഇറക്കിവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ക്ഷേത്രത്തിൽ സർക്കാർ നൽകുന്ന അന്നദാനത്തിൽ പങ്കെടുക്കാനെത്തിയ അശ്വിനിയേയും ഒപ്പമുള്ളവരേയും ക്ഷേത്രജീവനക്കാർ കമ്പ് കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാൻ പോലും യുവതിയെ അനുവദിച്ചില്ല. ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയിലേക്ക് നൽകുമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്. ദേവസ്വം വകുപ്പിന് കീഴിലുള്ള സ്തലശയന പെരുമാൾ ക്ഷേത്രത്തിലാണ് അശ്വിനിയ്ക്ക് ദുരനുഭവം നേരിട്ടത്.
- Advertisement -
സർക്കാർ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിൽ തനിക്കും തൻറെ വിഭാഗത്തിലുള്ളവർക്കുണ്ടായ അപമാനത്തേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്തതിന് പിന്നാലെ ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
- Advertisement -