കൊച്ചി: മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ എത്തിക്കാനുള്ള സിനിമാ മന്ത്രി സജി ചെറിയാന്റെ ശ്രമത്തിന് വമ്ബന്‍ തിരിച്ചടി.
സിനിമയുടെ അണിയറക്കാരും വിതരണക്കാരും മന്ത്രിയും തമ്മില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച ഇന്ന് നടക്കില്ല. ഇതോടെ ചിത്രം ഒടിടിയില്‍ പോകാനുള്ള സാധ്യത കൂടി. ചര്‍ച്ച ഉപേക്ഷിച്ചുവെന്ന് മന്ത്രി സജി ചെറിയാനും അറിയിച്ചു.
- Advertisement -
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപ്പെട്ട് സിനിമാ വകുപ്പിന്റെ ചുമതല കൂടിയുള്ള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തു വന്നിരുന്നു. തീയേറ്ററുടമകളുമായും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരുമായും മന്ത്രി ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതാണ് പൊളിയുന്നത്. ഇരുകൂട്ടര്‍ക്കും നഷ്ടമില്ലാതെ പരിഹരിക്കാനാണ് ശ്രമം. ഒറ്റ ഡോസ് വാക്സിന്‍ എടുത്തവരെ തീയേറ്ററില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.
ഫിലിം ചേമ്ബര്‍ പ്രതിനിധികളും ആന്റണി പെരുമ്ബാവൂരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍ ശ്രമം നടന്നത്. തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ സംബന്ധിച്ച് ആന്റണി പെരുമ്ബാവൂര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ തീയേറ്ററുടമകള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ മന്ത്രി ചര്‍ച്ച ചെയ്താലും ഫലം ഉണ്ടാകില്ലെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. ഇത് പരിഗണിച്ചാണ് സജി ചെറിയാന്‍ പിന്മാറിയത്.
തീയേറ്റര്‍ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് തീയേറ്ററുടമകള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പണം ഡിപ്പോസിറ്റായി നല്‍കാന്‍ തയ്യാറാണെന്ന് തീയേറ്ററുടമകള്‍ സമ്മതിച്ചു. എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് ആന്റണി പെരുമ്ബാവൂരിന്റെ ആവശ്യം. അത്രയും തുക നല്‍കാനാവില്ലെന്ന് തീയേറ്ററുടമകള്‍ പറഞ്ഞതാണ് പ്രശ്‌ന കാരണം. ഇതില്‍ വിട്ടുവീഴ്ചയ്ക്ക് രണ്ടു കൂട്ടരും തയ്യാറല്ല.
100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചത്. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനെ പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്ബാവൂര്‍ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളില്‍ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തു. മരയ്ക്കാറിനൊപ്പം ആശിര്‍വാദ് നിര്‍മ്മിച്ച ട്വല്‍ത്ത് മാനും എലോണും ബ്രോ ഡാഡിയും ഒടിടിയില്‍ എത്തുമെന്നാണ് സൂചന.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും മരയ്ക്കാര്‍ റിലീസിനെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും.
- Advertisement -