Ultimate magazine theme for WordPress.

കോലിക്കും ശാസ്ത്രിക്കും വിടവാങ്ങൽ; ജയത്തോടെ യാത്രയാക്കാൻ ടീം ഇന്ത്യ

0

ദുബായ്: ട്വന്റി 20 ലോകകപ്പിൽ സെമി കാണാതെ പുറത്തായ ഇന്ത്യയ്ക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം. രാത്രി 7.30 നമീബിയക്കെതിരേ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷ അവസാനിച്ചിരുന്നു. ഇതോടെ നമീബിയക്കെതിരായ ഇന്ത്യയുടെ അവസാന മത്സരം അപ്രസക്തമായി.

ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെ അവസാന മത്സരം കൂടിയാണിത്. ലോകകപ്പിനു ശേഷം ട്വന്റി 20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോച്ച് രവി ശാസ്ത്രിക്കും ടീമിനൊപ്പമുള്ള അവസാന മത്സരമാണിത്. ലോകകപ്പോടെ ശാസ്ത്രി ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും. ഇതിനാൽ തന്നെ ഇരുവർക്കും ജയത്തോടെ ഒരു വിടവാങ്ങൽ ഒരുക്കാനാകും ടീമിന്റെ ശ്രമം.

- Advertisement -

ഐ.സി.സി. ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്താകുന്നത് 2012-നുശേഷം ആദ്യമാണ്. ആദ്യ രണ്ടുമത്സരങ്ങളിൽ പാകിസ്താനോടും ന്യൂസീലൻഡിനോടും തോറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പിന്നീട് അഫ്ഗാനിസ്താനെ 66 റൺസിനും സ്‌കോട്‌ലൻഡിനെ എട്ടു വിക്കറ്റിനും തോൽപ്പിച്ച് വിരാട് കോലിയും സംഘവും തിരിച്ചുവരവിന്റെ സൂചന നൽകി. നെറ്റ് റൺറേറ്റിൽ ഒന്നാമത് എത്തുകയും ചെയ്തു.

പക്ഷേ, ന്യൂസീലൻഡ് നാലാം ജയം കുറിച്ച് എട്ടു പോയന്റിൽ എത്തിയതോടെ ഇന്ത്യയുടെ എല്ലാ സാധ്യതയും അവസാനിച്ചു. ഈ ലോകകപ്പോടെ ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുന്ന വിരാട് കോലിക്ക് ഇത് തീർത്തും നിരാശാഭരിതമായ ടൂർണമെന്റായി. നായകൻ എന്ന നിലയിൽ കിരീടങ്ങളൊന്നുമില്ലാതെയാണ് കോലി പദവി ഒഴിയുന്നത്.

- Advertisement -

Leave A Reply

Your email address will not be published.