Ultimate magazine theme for WordPress.

വാക്സിനെടുക്കാത്തവർക്ക് റേഷനും ഇന്ധനവും ഗ്യാസുമില്ല; കടുത്ത നടപടിയുമായി ജില്ലാ ഭരണകൂടം

0

മുംബൈ: കൊവിഡിനെതിരെയുള്ള വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്തവർക്കും റേഷനും പെട്രോളും ഡീസലും ഗ്യാസും നൽകേണ്ടെന്ന് മഹാരാഷ്ട്രയിലെ ഔംറഗാബാദ് ജില്ലാ ഭരണകൂടം. ജില്ലയിലെ കൊവിഡ് വാക്സിനേഷൻ പ്രതീക്ഷിച്ചത്ര വേഗതയിൽ നീങ്ങുന്നില്ലെന്ന് കണ്ടാണ് ജില്ലാ ഭരണകൂടം കടുത്ത നടപടിക്കൊരുങ്ങുന്നത്. കൊവിഡ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് കാണിച്ചവർക്ക് മാത്രം റേഷൻ സാധനങ്ങൾ നൽകിയാൽ മതിയെന്ന് കാണിച്ച് കലക്ടർ സുനിൽ ചവാൻ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിപ്പിച്ചു.

പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, പലചരക്ക് കടകൾ എന്നിവക്കെല്ലാം സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കലക്ടറുടെ നിർദേശം അവഗണിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ എന്നിവിടങ്ങളിലും ഒരു ഡോസ് വാക്സിനെങ്കിലും എടുക്കാത്തവരെ പ്രവേശിപ്പിക്കണ്ടെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.

- Advertisement -

ഔറംഗബാദിൽ ഇതുവരെ 55 ശതമാനം ആളുകൾക്ക് മാത്രമാണ് ഒറ്റഡോസ് വാക്സീൻ ലഭിച്ചത്. നവംബർ അവസാനത്തോടെ സംസ്ഥാനത്തെ എല്ലാവർക്കും ഒറ്റഡോസ് വാക്സിൻ ലഭ്യമാക്കണമെന്ന് സർക്കാർ പറയുമ്പോഴും ഔറംഗാബാദിൽ വാക്സിനേഷൻ മെല്ലെപ്പോക്കാണ്. 24 ശതമാനം പേർക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സീൻ എടുത്തത്. പകൽ സമയങ്ങളിൽ വാക്സീനെടുക്കാൻ ആളുകൾ എത്താത്തതിനാൽ രാത്രിയും കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പകൽ സമയങ്ങളിൽ കർഷക തൊഴിലാളികൾ ജോലിക്ക് പോകുമെന്നതിനാലാണ് രാത്രി വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്.

വാക്സിനെടുക്കാത്ത ജീവനക്കാർക്ക് ശമ്പളം നൽകരുതെന്നും കലക്ടർ നിർദേശം നൽകി. വാക്സിനെടുക്കാത്തവർക്ക് പൊതുഗതാഗതവും വിലക്കി. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 982 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.