Ultimate magazine theme for WordPress.

മുൻ മിസ് കേരള അടക്കമുളളവരുടെ മരണം; ഓഡി കാർ പിന്തുടർന്നതായി കണ്ടെത്തി, ഹോട്ടലുടമയെ ചോദ്യം ചെയ്യും

0

കൊച്ചി പാലാരിവട്ടത്ത് മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. കൊച്ചിയിലെ നമ്ബർ 18 ഹോട്ടലിലെ ഡി ജെ പാർട്ടി കഴിഞ്ഞ് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ മറ്റൊരു വാഹനം പിന്തുടർന്നതായി അന്വേഷണ സംഘം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് അൻസി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തെ ഒരു ഓഡി കാർ പിന്തുടർന്നുവെന്ന് കണ്ടെത്തിയത്.

ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്ബർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവർ തന്നെയാണോ ഇവരെ പിന്തുടർന്നതെന്നും ഡി.ജെ പാർട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് പൊലീസിന്റെ ശ്രമം.

- Advertisement -

എന്നാൽ വാഹനാപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി.ജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാറ്റിയിരുന്നു. ഹോട്ടലുടമ റോയിയുടെ നിർദേശ പ്രകാരം ഡ്രൈവർ ഡി.വി.ആർ വാങ്ങികൊണ്ടു പോയി എന്നാണ് ഹോട്ടൽ ജീവനക്കാരൻ പൊലീസിന് നൽകിയ മൊഴി. ഡി.ജെ പാർട്ടി നടന്ന ഹാളിലേയും പുറത്തെ പാർക്കിങ് സ്ഥലത്തേയും ദൃശ്യങ്ങളടങ്ങിയ ഡി.വി.ആറാണ് ഹോട്ടലുടമ ഇടപെട്ട് മാറ്റിയത്. അതേസമയം ഹോട്ടലിന്റെ ബാറിന്റേയും മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാണ്. ഇതാണ് കൂടുതൽ സംശയങ്ങളിലേക്ക് വഴി വെക്കുന്നത്. ഡി.ജെ പാർട്ടിക്ക് ശേഷം ഹോട്ടൽ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തിൽ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധന.

രണ്ട് തവണ നമ്ബർ 18 ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡി.ജെ പാർട്ടി നടന്ന ഹാളിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ദൃശ്യങ്ങൾ ഹോട്ടൽ ഉടമ ഇടപെട്ട് മാറ്റിയതാണെന്ന നിർണായക വിവരം ലഭ്യമായത്. ഹോട്ടലുടമ റോയിയെ പൊലീസ് ചോദ്യം ചെയ്യും.

- Advertisement -

Leave A Reply

Your email address will not be published.