കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കേരള പര്യടനം തുടങ്ങി, കൊച്ചിയിൽ നടന്ന ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കെടുത്തു
തിരുവനന്തപുരം: കേന്ദ്ര ഇലക്‌ട്രോണിക്സ്, വിവരസാങ്കേതിക, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഗുരുവായൂരിലും, മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് കേരള സന്ദര്‍ശനം ആരംഭിച്ചത്.
കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ കേരളം സന്ദര്‍ശിക്കുന്നത്. രാവിലെ കൊച്ചി വിമാനത്താവളത്തില്‍ മന്ത്രിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി. പിന്നീട് തൃശൂര്‍ പുറനാട്ടുകര രാമകൃഷ്ണ മഠത്തിലെത്തിയ മന്ത്രി, മഠാധിപതി സ്വാമി സദ്ഭവാനന്ദിനെ ആദരിച്ചു.
അടുത്തിടെ തൃശൂര്‍ ചാവക്കാട് കുത്തേറ്റു മരിച്ച ബിജെപി പ്രവര്‍ത്തകന്‍ കൊപ്പര ബിജുവിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട മന്ത്രി കുടുംബത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.പിന്നീട് അദ്ദേഹം സംസ്ഥാനത്തെ ഏക ഡിആര്‍ഡിഒ ലബോറട്ടറി ആയ – കൊച്ചിയിലെ നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രഫിക് ലബോറട്ടറി (NPOL) സന്ദര്‍ശിച്ചു. അവിടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ഒരു ഹ്രസ്വ ചടങ്ങില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. ജലത്തിനടിയിലുള്ള നിരീക്ഷണ സംവിധാനങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും മേഖലയില്‍ എന്‍പിഒഎല്‍ നടത്തുന്ന ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡയറക്ടര്‍ വിജയന്‍ പിള്ള, മന്ത്രിയോട് വിശദീകരിച്ചു. അടുത്ത 20 വര്‍ഷത്തേക്കുള്ള എന്‍പിഒഎല്ലിന്റെ ഭാവി പദ്ധതികളെക്കുറിച്ചും ഇന്ത്യന്‍ നാവികസേനയ്ക്കായി ഏറ്റെടുത്തിരിക്കുന്ന വെല്ലുവിളി നിറഞ്ഞ സാങ്കേതിക പദ്ധതികളെക്കുറിച്ചും എന്‍പിഓഎല്‍ ഡയറക്ടര്‍ മന്ത്രിയെ ധരിപ്പിച്ചു.
ജലത്തിനടിയില്‍ ഉള്ള സെന്‍സറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും സൂക്ഷ്മമായ നിരീക്ഷണത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ സൗകര്യങ്ങളിലൊന്നായ എന്‍പിഓഎല്‍-ലെ അക്കൂസ്റ്റിക് ടാങ്ക് സൗകര്യവും മന്ത്രി സന്ദര്‍ശിച്ചു. അഡ്വാന്‍സ് സിഗ്‌നല്‍ സംവിധാനം വിലയിരുത്തുന്നതിന് ഓഷ്യാനോഗ്രാഫിക്, സോണാര്‍ സിഗ്‌നല്‍ ഡാറ്റാബേസ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന, സോണാര്‍ ഡിസൈന്‍ ആന്‍ഡ് സിമുലേഷന്‍ സംവിധാനമായ ‘ദര്‍പ്പണ്‍’ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു.
കേരളത്തില്‍ നിന്നുള്ള രാജീവ് ചന്ദ്രശേഖറിന്റെ തറവാട് തൃശൂര്‍ ജില്ലയിലെ ദേശമംഗലത്തിനടുത്ത് കൊണ്ടയൂരിലാണ്. ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് അദ്ദേഹം. കേരളത്തിലേക്ക് സെല്ലുലാര്‍ വയര്‍ഫ്രീ സാങ്കേതികവിദ്യ ആദ്യമായി കൊണ്ടുവന്നത് അദ്ദേഹമാണ്. ഇത് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തിന് പ്രയോജനകരമാണ്. കടലില്‍ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാനും, മത്സ്യത്തൊഴിലാളികള്‍ക്ക് അവര്‍ പിടിച്ച മത്സ്യത്തിന് മികച്ച വില ലഭിക്കുന്നതിന് അനുയോജ്യമായ വിപണികളുമായി ബന്ധപ്പെടാനും മൊബൈല്‍ ഫോണുകള്‍ സഹായിച്ചു.