Ultimate magazine theme for WordPress.

ബഷീറിന്റെ കഥാപാത്രങ്ങൾക്ക് ശിൽപഭാഷ്യമൊരുക്കിയ ദേവഹാരക്ക് ഉജ്വല ബാല്യപുരസ്‌കാരം

0

 

 

 

കൊടകര: അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉജ്വല ബാല്യ പുരസ്‌കാരത്തിന് കോടാലി മാങ്കുറ്റിപ്പാടത്തെ 11കാരി ദേവഹാര അർഹയായി. ചിത്രം വരയിലും ശിൽപനിർമാണത്തിലും പ്രകടിപ്പിക്കുന്ന സർഗവൈഭവമാണ് ഈ ബാലികയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.

- Advertisement -

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ മാങ്കുറ്റിപ്പാടം ചാലിപ്പറമ്പിൽ ഷിബുവിന്റെയും ചിത്രകാരിയും അധ്യാപികയുമായ പ്രിയയുടെയും മകളാണ് ഈ മിടുക്കി. ചെമ്പുച്ചിറ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ദേവഹാര എൽ.പി. ക്ലാസിൽ പഠിച്ചിരുന്ന കാലം മുതലേ ചിത്രരചനയിൽ കഴിവ് പ്രകടിപ്പിച്ചിരുന്നു. ചിത്രകാരിയായ അമ്മ പ്രിയ വരക്കുന്നത് കണ്ടാണ് കുരുന്നുപ്രായം തൊട്ടേ ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. പത്താംക്ലാസിൽ പഠിക്കുന്ന സഹോദരി ദേവാംഗനയും ചിത്രം വരക്കാറുണ്ട്. കോടാലി ജി.എൽ.പി.സ്‌കൂളിൽ പഠിക്കുമ്പോൾ ഈ സഹോദരിമാർ തങ്ങൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ചിത്രരചനയിൽ നിരവധി സമ്മാനങ്ങളും ഇവർ നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് വീടിന്റെ ചുമരിൽ വരകളും വർണങ്ങളുംകൊണ്ട് ഈ സഹോദരിമാർ ഗ്രാമീണ ജീവിതത്തെ ആവിഷ്‌കരിച്ചതും കലാ ആസ്വാദകരുടെ പ്രശംസ നേടിയിരുന്നു. ലോക്ഡൗൺ ദിനങ്ങളിൽ വീട്ടിൽ ഒതുങ്ങി കൂടേണ്ടിവന്നപ്പോൾ അനുഭവപ്പെട്ട വിരസത മാറ്റാനായി ബഷീറിന്റെ ‘പാത്തുമ്മയുടെ ആടി’ലെ കഥാപാത്രങ്ങളെ ദേവഹാര കളിമണ്ണിൽ മെനഞ്ഞെടുത്തിരുന്നു. മാങ്കോസ്റ്റിൻ തണലിൽ ചാരുകസേരയിലിരിക്കുന്ന ബഷീറിനെയാണ് ആദ്യം രൂപപ്പെടുത്തിയത്. പാത്തുമ്മയുടെ ആടിനെയും മറ്റ് കഥാപാത്രങ്ങളെയും പിന്നീട് മെനഞ്ഞടുത്തു.

ബഷീറിന്റെ ഗ്രാമഫോൺ അടക്കമുള്ളവയും കളിമണ്ണിൽ പുനർസൃഷ്ടിച്ചിരുന്നു. അഞ്ചാം ക്ലാസിൽ താൻ പഠിച്ച പാത്തുമ്മയുടെ ആടിന്റെ കഥാഭാഗമാണ് ദേവഹാരക്ക് ശിൽപനിർമാണത്തിന് പ്രചോദനമായത്. ഒരാഴ്ചയായി മലപ്പുറം മങ്കടയിലെ ചേരിയം സർക്കാർ ഹൈസ്‌കൂളിലെ ചിത്രകല അധ്യാപികയായ അമ്മയോടൊപ്പം കഴിയുന്നതിനാൽ പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദം നാട്ടുകാരും കൂട്ടുകാരുമായി പങ്കിടാൻ കഴിയാത്തിതിന്റെ വിഷമത്തിലാണ് ദേവഹാര.

 

- Advertisement -

Leave A Reply

Your email address will not be published.