Ultimate magazine theme for WordPress.

ഇടുക്കി അണക്കെട്ട് ഉച്ചയ്ക്ക് തുറക്കും, തീരുമാനം മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നതിനാൽ

0

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഞായറാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവിൽ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലർട്ടാണ് ഇടുക്കി ഡാമിൽ നിലനിൽക്കുന്നത്. 2399.03 അടി ആയാൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.

 

മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അതേസമയം ഇടുക്കി ഡാമിനെ സംബന്ധിച്ച് ഇതൊരു അസാധാരണ സാഹചര്യമാണ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ ഒക്ടോബർ 16ന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു.

 

- Advertisement -

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് 2018ന് ശേഷം നിരവധി തവണ ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതി വന്നിരുന്നു. അപ്പർ റൂൾകർവ് അനുസരിച്ച് 2400.03 അടിയാണ് ഇടുക്കിയുടെ സംഭരണശേഷി. ഒരു ലക്ഷം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കാൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ പകുതി പോലും തുറന്ന് വിടുന്നില്ല. മഴ കനത്താൽ കൂടുതൽ വെള്ളം ഒഴുക്കിവിടേണ്ടി വരും. അതേസമയം മൂലമറ്റം പവർഹൗസിലെ ഒരു ജനറേറ്റർ തകരാരിലായിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇത് പരിഹരിക്കുമെന്നാണ് വിവരം.

 

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 140 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. ഇന്നലെ വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 140 അടി കവിഞ്ഞതോട് കൂടിയാണ് തമിഴ്നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നൽകിയത്.

- Advertisement -

Leave A Reply

Your email address will not be published.