കൊച്ചി: കൊച്ചിയിൽ മോഡലുകൾ കാർ അപകടത്തിൽ മരിച്ച കേസിൽ നിർണായക വെളിപ്പെടുത്തൽ. ഔഡി കാർ പിന്തുടർന്നിരുന്നുവെന്ന് അപകടത്തിൽപ്പെട്ട കാർ ഓടിച്ച അബ്ദുൾ റഹ്മാൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കോടതിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് അബ്ദുൾ റഹ്മാൻ പ്രതികരിച്ചത്. ഇന്ന് മൂന്ന് മണിക്കൂറോളം പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. വീണ്ടും കസ്റ്റഡിൽ ആവശ്യപ്പെടാത്തതിനാൽ ഈ മാസം 20 വരെ ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.
അതിനിടെ ഇവർ സഞ്ചരിച്ച കാറിനെ പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്ന സൈജു എന്നയാൾ അപകടശേഷം നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തിയിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. ഹോട്ടലുടമ റോയിയുടെ സുഹൃത്താണ് സൈജു. അപകടത്തിന് പിന്നാലെ, സൈജു ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പോലീസ് വിട്ടയച്ചത്.
- Advertisement -
ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ. 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡി കാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല.
അപകടത്തിനു ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറി നിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
- Advertisement -