കൊച്ചി: മുന്‍ മിസ് കേരള വിജയികളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹോട്ടലിലെ ഡി.വി.ആര്‍. പോലീസിന് കൈമാറി. ചൊവ്വാഴ്ച രാവിലെ ചോദ്യംചെയ്യലിന് ഹാജരായ ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി വയലാട്ടാണ് സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഒരു ഡി.വി.ആര്‍. പോലീസിന് കൈമാറിയത്. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം, ഹോട്ടലിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ച മറ്റൊരു ഡി.വി.ആര്‍. കൂടിയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതും ഹാജരാക്കാന്‍ റോയി വയലാട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വൈകാതെ ഹാജരാക്കാമെന്നാണ് റോയി പോലീസിനെ അറിയിച്ചിരിക്കുന്നത്. റോയിയെ വിശദമായി ചോദ്യംചെയ്യുന്നത് തുടരുകയാണ്.
കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായതായും വിവരമുണ്ട്. എന്തിനാണ് ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചത്, എന്തിനാണ് കാറില്‍ അന്‍സി കബീറിനേയും സംഘത്തേയും പിന്തുടര്‍ന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്താനുള്ളത്.