തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ വനം മന്ത്രി ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് യോഗം. സിസിഎഫ് മുതൽ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് മന്ത്രി വിളിച്ചുചേര്‍ത്തത്. വനം വകുപ്പ് നിരന്തരമായി ആരോപണങ്ങളിൽപ്പെടുന്ന സാഹചര്യത്തിലാണ് യോഗം. വനം വകുപ്പിലെ അണ്ടർ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഇതിനിടെ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐഎഫ്എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ കണ്ടു. വിഷയത്തിലെ ഉദ്യോഗസ്ഥതല വീഴ്ച ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുന്നത്. നേരത്തെ തന്നെ ഐഎഫ്എസ് ഉദ്യോഗസ്ഥർ ബെന്നിച്ചനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. മുഖ്യമന്ത്രിയെയും വനംമന്ത്രിയെയും ഇതേ ആവശ്യമുന്നയിച്ച് അസോസിയേഷൻ ഭാരവാഹികൾ കണ്ടിരുന്നു.
- Advertisement -
വിവാദ മരംമുറിയിൽ ഫയലുകൾ ഒന്നും വനംമന്ത്രിക്ക് കൈമാറിയിട്ടില്ലെന്നാണ് വനം സെക്രട്ടറി രാജേഷ് സിൻഹയുടെ വിശദീകരണം. മരംമുറി ചർച്ചയായ തമിഴ്നാട് കേരള സെക്രട്ടറി തല യോഗങ്ങളിൽ അനുമതിക്ക് തീരുമാനമെടുത്തിരുന്നില്ലെന്നും വനം മന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. മരംമുറിക്ക് അനുമതി നൽകിയ ബെന്നിച്ചൻ തോമസിനെ തള്ളിയാണ് വിശദീകരണം. അതേ സമയം വനം സെക്രട്ടറി കൂടി പങ്കെടുത്ത യോഗമാണ് മരം മുറി തീരുമാനിച്ചതെന്നായിരുന്നു ബെന്നിച്ചൻറെ നിലപാട്.
മന്ത്രിസഭയോ മന്ത്രിമാരോ അറിയാതെ നയപരമായ തീരുമാനത്തിൽ സ്വന്തമായി ഉത്തരവിറക്കിയെന്ന് ചൂണ്ടികാട്ടിയാണ് ബെന്നിച്ചൻ തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. എന്നാൽ ഈ ആരോപണം തുടക്കം മുതൽ ബെന്നിച്ചൻ നിഷേധിക്കുകയാണ്.
- Advertisement -