Ultimate magazine theme for WordPress.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ പിടികൂടാനാകാതെ പൊലീസ്

0

പാലക്കാട്: പട്ടാപ്പകല്‍ ആര്‍എസ്എസ്  പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. ഒരു പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്യും. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിത്താണ് ഭാര്യയുടെ മുന്നില്‍വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മൂന്നു ദിവസമായിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് രേഖാ ചിത്രം പുറത്തുവിടാന്‍ തീരുമാനിച്ചത്.

പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങളും പുറത്തുവിടാന്‍ ഇന്നലെ ഉത്തരമേഖലാ ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. പ്രതികള്‍ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ കടന്നു കടഞ്ഞതായും പൊലീസ് സംശയിക്കുന്നു. അതിനിടെ കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ മൊഴി എടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ തൃശൂര്‍ ഭാഗത്തേക്കും തമിഴ്‌നാട്ടിലേക്കും കടന്നതായാണ് പൊലീസ് നേരത്തെ സംശയിച്ചിരുന്നത്.

- Advertisement -

സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ദേശീയപാതക്ക് അരികിലാണ് വടിവാളുകള്‍ കണ്ടെത്തിയത്. ആയുധങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് വടിവാളുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവയില്‍ രക്തക്കറയുണ്ട്. ഒരു വടിവാളില്‍ നിന്ന് മുടിനാരിഴയും കണ്ടെത്തി.

സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ചിരുന്ന വെള്ള മാരുതി 800 കാര്‍ തൃശൂര്‍ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഈ കാര്‍ കണ്ടെത്താന്‍ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികള്‍ കാറുപേക്ഷിച്ച് മാറിക്കയറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല.

അതേസമയം സഞ്ജിത്തിനെ ആക്രമിച്ച പ്രതികളെ കണ്ടാല്‍ അറിയാമെന്ന് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക മാധ്യമങ്ങളോട് പ്രതികരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.