കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ എക്സൈസും പിടിമുറുക്കുന്നു. ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് പോലീസിനു നല്‍കിയ മൊഴി കേന്ദ്രീകരിച്ചാണ് എക്സൈസിന്റെ അന്വേഷണം. എക്സൈസിനെ ഭയന്നിട്ടാണ് സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആര്‍. മാറ്റിയതെന്നാണ് റോയിയുടെ മൊഴി.
അസ്വാഭാവികമായി എന്തെങ്കിലും ഹോട്ടലില്‍ നടന്നിട്ടില്ലെങ്കില്‍ ഭയക്കേണ്ട കാര്യമില്ലല്ലോ! ഹോട്ടലില്‍ എല്ലാ വാരാന്ത്യങ്ങളിലും ഡി.ജെ. പാര്‍ട്ടി നടക്കുന്നുണ്ടെന്നും ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്ന റേവ് പാര്‍ട്ടിയായി മാറുന്നുണ്ടെന്നും എക്സൈസ് ഇന്റലിജന്‍സില്‍നിന്ന് വിവരമുണ്ടായിരുന്നു.
- Advertisement -
ഏപ്രിലില്‍ ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡില്‍ കാര്യമായി ലഹരിവസ്തുക്കള്‍ പിടികൂടാതിരുന്നതിനാല്‍ വീണ്ടും റെയ്ഡ് അത്യാവശ്യമല്ലെന്ന ധാരണയിലായിരുന്നു എക്‌സൈസ്. രാത്രി വൈകിയും മദ്യം വിറ്റതിന് എക്സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഹോട്ടലിലെ ബാറിന്റെ ലൈസന്‍സ് നവംബര്‍ രണ്ടിനുതന്നെ താത്കാലികമായി റദ്ദ് ചെയ്തിരുന്നു.
ഇതിനുപുറമേ മറ്റൊരു കേസ് കൂടി വന്നാല്‍ എന്നന്നേക്കുമായി ലൈസന്‍സ് നഷ്ടമാകുമെന്ന് കരുതിയാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ മാറ്റിയതെന്നാണ് പറയുന്നത്. ഈ മൊഴി വിശ്വാസ്യമല്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടം നടന്ന നവംബര്‍ ഒന്നിന് ഒരാഴ്ച മുന്നേ ഇവിടെ പ്രമുഖ ഫാഷന്‍ കൊറിയോഗ്രാഫറുടെ നേതൃത്വത്തില്‍ പാര്‍ട്ടി നടന്നതായാണ് വിവരം.
അങ്ങനെയൊരന്വേഷണത്തിലേക്ക് കടക്കാതിരിക്കാന്‍ പോലീസിന് മേലുദ്യോഗസ്ഥരില്‍നിന്ന് സമ്മര്‍ദമുണ്ട്. അതേസമയം, എക്സൈസ് കമ്മിഷണര്‍ തന്നെ ഹോട്ടലിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ശക്തമായ അന്വേഷണത്തിന് എക്സൈസിന് പ്രയാസമില്ല. ഹോട്ടലില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മട്ടാഞ്ചേരി റേഞ്ച് ഇന്‍സ്‌പെക്ടറെയാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
- Advertisement -