പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. നീണ്ട ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകരും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. പിന്നാലെ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതെത്തിയിരിക്കുകയാണ് ടീസർ.
1:26 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തെത്തിയത്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെയും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പസ് പ്രണയത്തിന്റെ നൊസ്റ്റാൾജിയ ഉൾപ്പെടുത്തിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം 1.5 മില്യൺ ആളുകൾ ടീസർ കണ്ടുകഴിഞ്ഞു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. 15 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ഒപ്പം ഗാനങ്ങൾ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്ദുൾ വഹാബ് ആണ് ‘ഹൃദയ’ത്തിൻറെ സംഗീത സംവിധായകൻ. ജേക്കബിൻറെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രവുമാണ് ഹൃദയം.
മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിൻറെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണിത്.