തിരുവനന്തപുരം: ഏപ്രിലില്‍ വൈദ്യുതിനിരക്ക് വര്‍ധിക്കുമെന്നുറപ്പായി. ന്യായമായ വര്‍ധനയാവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷനെ സമീപിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
നിരക്ക് വര്‍ധിപ്പിക്കാനുള്ള അപേക്ഷ ഡിസംബര്‍ 25-ഓടെ തയ്യാറാക്കി റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. ജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷന്‍ നിരക്ക് നിര്‍ണയിക്കുന്നത്. ഇത് എത്രയായിരിക്കുമെന്ന് മുന്‍കൂട്ടി പറയാനാവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
- Advertisement -
മൂന്നുവര്‍ഷംമുമ്പാണ് നിരക്ക് കൂട്ടിയത്. കമ്മിഷന്റെ മാനദണ്ഡപ്രകാരം വര്‍ഷംതോറും നാലുശതമാനത്തോളം പണപ്പെരുപ്പത്തിന്റെ ഭാഗമായ വര്‍ധന അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ വാദം. ബോര്‍ഡിന്റെ ആസ്തി വിപുലപ്പെടുത്താന്‍ ചെലവിട്ടതും ജനങ്ങളില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കണം. ഇതൊക്കെ കണക്കിലെടുത്താല്‍ത്തന്നെ 10 ശതമാനത്തിലധികം വര്‍ധനവരുത്തേണ്ടിവരും എന്നതാണ് യാഥാര്‍ഥ്യം. ശമ്പളപരിഷ്‌കരണവും കോവിഡ് സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കിയതും പതിവ് നഷ്ടവും കണക്കിലെടുത്താല്‍ 1800 കോടിരൂപയുടെ ബാധ്യതയുണ്ടായെന്നാണ് ബോര്‍ഡ് പറയുന്നത്.
2017-18ല്‍ 550 കോടിരൂപയുടെ നിരക്കുവര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ചത്. 2019-20ല്‍ 962 കോടിയുടേയും.
- Advertisement -