തിരുവനന്തപുരം> കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസ്സായിരുന്നു.സ്വകാര്യാശുപത്രിയില് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച പുലര്ച്ചെയായിരുന്നു അന്ത്യം.
സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. നാന്നൂറിലേറെ സിനിമകളില് പാട്ടെഴുതി. 1994 ല്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഏറെനാള്‍ സംഗീതലോകത്തു നിന്ന് വിട്ടു നിന്നു.
- Advertisement -
1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില് ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരന്നായരുടെയും മൂത്തമകനായി ബിച്ചു തിരുമല ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്നിന്ന് ബിഎ ബിരുദം നേടി. 1962ല് അന്തര് സര്വ്വകലാശാലാ റേഡിയോ നാടകോത്സവത്തില് ‘ബല്ലാത്ത ദുനിയാവാണ്’ എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില് ഒന്നാം സ്ഥാനം നേടി. ഗാനരചയിതാവായി സിനിമയിലേക്ക് വന്ന ബിച്ചു സംവിധായകന് എം. കൃഷ്ണന്നായര്‍ 1970-ല്‍ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധര്‍മ്മശാസ്താ’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തിയത്. സി ആര് കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ‘ബ്രാഹ്മമുഹൂര്‍ത്തം’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യ ചലച്ചിത്രഗാനം. പക്ഷേ ആ ചിത്രം റിലീസായില്ല. നടന് മധു നിര്മ്മിച്ച ‘അക്കല്ദാമ’ യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985-ല്‍ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി അദ്ദേഹം.
ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, ‘ശക്തി’ എന്ന സിനിമയുടെ കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ആദ്യ കവിതാസമാഹാരമായ ‘അനുസരണയില്ലാത്ത മനസ്സിന്’ 1990ലെ വാമദേവന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല് പനോരമ ഫിലിം സെലക്ഷന് ജൂറിയില് അംഗമായിരുന്നു അദ്ദേഹം
പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന് ദര്ശന് രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന് സുമന്
- Advertisement -