പാറശ്ശാല: തമിഴ്നാട്ടില്‍ പച്ചക്കറിവില ഉയര്‍ന്നതിന്റെ മറവില്‍ ഇരട്ടിയിലധികം ലാഭം കൊയ്ത് ഇടനിലക്കാര്‍. തമിഴ്നാട്ടിലെ പച്ചക്കറി വിലയുടെ ഇരട്ടിയിലധികമാണ് അതിര്‍ത്തി കടന്നാല്‍ വാങ്ങുന്നത്.
തെക്കന്‍ കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തുന്ന തെക്കന്‍ തമിഴ്നാട്ടിലെ പ്രധാന പച്ചക്കറി വിപണിയാണ് കാവല്‍ക്കിണര്‍ ഉളവര്‍ ചന്ത. ഇവിടെ ബുധനാഴ്ച വൈകീട്ട് നടന്ന പച്ചക്കറി ലേലത്തില്‍ ഒരുകിലോ തക്കാളിക്ക് കര്‍ഷകര്‍ക്ക് ലഭിച്ചത് ശരാശരി 65 രൂപയാണ്. നാല്‍പ്പത്തി അഞ്ച് കിലോമീറ്റര്‍ ഇപ്പുറത്ത് കേരളത്തില്‍ ഇതേ തക്കാളിക്ക് 120 രൂപയും.
മഴയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പച്ചക്കറിവില നേരിയ തോതില്‍ വര്‍ധിച്ചതിന്റെ മറവിലാണ് ഈ കൊള്ള. തിരുനെല്‍വേലിയിലെ പ്രമുഖ പച്ചക്കറി മൊത്തവിതരണ ചന്തയായ നയിനാര്‍കുളത്ത് ബുധനാഴ്ച തക്കാളിവില 55 രൂപയായിരുന്നു. തമിഴ്‌നാട്ടിലെ വിപണികളില്‍ പച്ചക്കറികള്‍ക്ക് നേരിയ വിലവര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്.
സംസ്ഥാനത്ത് അറുപത് രൂപയ്ക്ക് വില്‍ക്കുന്ന വെണ്ടയ്ക്ക ബുധനാഴ്ച കാവല്‍ക്കിണര്‍ ചന്തയില്‍ വിറ്റഴിച്ചത് കിലോക്ക് 25 രൂപയ്ക്കാണ്. മഴക്കാലത്തിന് മുമ്പ് ആറ് രൂപയായിരുന്നു വെണ്ടയ്ക്കയുടെ മൊത്തവില.
ഡീസല്‍ വില വര്‍ദ്ധനവിന്റെയും കൊടും മഴയുടെയും മറവില്‍ ഇടനിലക്കാര്‍ ഇരട്ടി വിലയ്ക്ക് സംസ്ഥാനത്ത് പച്ചക്കറികള്‍ എത്തിച്ച് ലാഭം കൊയ്യുകയാണ്. ഇടനിലക്കാര്‍ വില്‍ക്കുന്നതില്‍ നിന്നും വീണ്ടും ചെറിയ ലാഭമെടുത്ത ശേഷമാണ് ചില്ലറ വില്‍പ്പനക്കാര്‍ പച്ചക്കറി വില്‍ക്കുന്നത്.
- Advertisement -